റിതിക സിം​ഗ് നായികയായെത്തുന്ന "ഇൻ കാർ" ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടു

asg

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ റിതിക സിംഗ് പ്രധാനവേഷത്തിലെത്തുന്ന "ഇൻ കാർ " ചിത്രത്തിന്റെ  ട്രെയിലർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു.
 കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇൻകാറെന്നത് ട്രെയ്ലറിൽ നിന്നും വ്യക്തമാണ്.  ഹർഷ് വർദ്ധൻ സംവിധാനം ചെയ്ത 'ഇൻകാർ' എന്ന സിനിമ യഥാർത്ഥ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. 2023 മാർച്ച് 3-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭയ് ഡിയോളിന്റെ 'നാനു കി ജാനു', ഗോവിന്ദയുടെ 'ഫ്രൈഡേ'യും  നിർമ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇൻ കാറും നിർമ്മിച്ചിരിക്കുന്നത്. 

ഈ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇൻകാറെന്ന് റിതിക സിം​ഗ് പറഞ്ഞു. സിനിമ കാണുമ്പോൾ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം കണക്ടഡായിരിക്കും.
 എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മനുഷ്യ കഥയാണിതെന്നും റിതിക സിം​ഗ് വ്യക്തമാക്കി.  വേഗതയിൽ ഓടുന്ന കാറിനുള്ളിൽ നടക്കുന്ന യാഥാർത്ഥ്യബോധമുള്ളതും പിരിമുറുക്കമുള്ളതുമായ തട്ടിക്കൊണ്ടുപോകൽ കഥയാണ് ഇൻകാറെന്ന് സംവിധായകൻ ഹർഷ് വർ​ദ്ധനും പറഞ്ഞു. 

ഹരിയാന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ അതിജീവന യാത്രയുടെ കഥ പറയുന്ന ചിത്രം ഓടുന്ന കാറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിതിക സിംഗ്, മനീഷ് ജഞ്ജോലിയ, സന്ദീപ് ഗോയാത്ത്, സുനിൽ സോണി, ഗ്യാൻ പ്രകാശ്  തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  
മിഥുൻ ​ഗം​ഗോപഥയിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. മൊഹദ് സലൗദീൻ യൂസഫ്- കോ പ്രൊഡ്യൂസർ, മഹിപാൽ കരൺ രാത്രേ, യോ​ഗേഷ് എം- അസോസിയേറ്റ് പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നല്ലിബിൽ വെങ്കടേഷ്.പി ആർ ഒ മഞ്ജു ഗോപിനാഥ്. മലയാളം, തമിഴ്,തെലുങ്ക്, കന്നട,ഹിന്ദി എന്നീ അഞ്ചു ഭാഷകളായി ചിത്രം പ്രദർശനത്തിന് എത്തും.

2002ൽ ടാർസാൻ കി ബേട്ടിയിലെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് റിതിക സിംഗ്. അഭിനയത്തിനൊപ്പം ഒരു ആയോധന വിദഗ്‌ധ കൂടിയാണ് നടി. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിൽ ആർ. മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സലാ ഖാഡോസ് എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം നിർമ്മിക്കപ്പെട്ടു.
 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഈ ചലച്ചിത്രത്തിലെ റിതികയുടെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഗുരു എന്ന ചിത്രത്തിലും തമിഴ് ചിത്രമായ ശിവലിംഗയിലും അഭിനയിച്ചു . കൂടാതെ ഹിന്ദി, തമിഴ്, തെലുഗു എന്നീ മൂന്ന് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനയത്തിനും റിതികയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി.

2013 ൽ സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിൽ റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടുകൊണ്ട് സുധ കൊങ്കരയാണ് റിതികയെ ഇരുതി സുട്രിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചത്.
 പരസ്യത്തിന്റെ പരിപാടിയുടെ ചെയർമാനായ രാജ് കുന്ദ്ര വഴിയായിരുന്നു അന്ന് സുധ കൊങ്കര, റിതികയുമായി ബന്ധപ്പെട്ടത്. പിന്നീട് തന്റെ ദ്വിഭാഷാ ചിത്രമായ സാലാ ഖഡൂസിൽ (2016) ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു.

 ചെന്നൈയിലെ ചേരികളിൽ വളരുന്ന ഒരു മാർവാരി പെൺകുട്ടിയായ മധി എന്ന കഥാപാത്രത്തെയാണ് റിതിക അവതരിപ്പിച്ചത്. ഒരു ബോക്സറായി മറ്റൊരാളെ അഭിനയിപ്പിക്കുന്നതിനേക്കാൾ ബോക്സറായ ഒരാളെ അഭിനയിപ്പിക്കുവാൻ നിർമ്മാതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തമിഴിൽ ഇരുതി സുട്രു എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തമിഴിലുള്ള സംഭാഷണങ്ങൾ ഹിന്ദിയിൽ എഴുതിക്കൊണ്ടാണ് റിതിക അഭിനയിച്ചത്.

 

Share this story