പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരാളല്ല ഞാന്‍, പ്രമോട്ട് ചെയ്തത് ക്രീം ഉപയോഗിച്ച ശേഷം'; എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് റെനീഷ റഹ്‌മാന്‍

renisha

ക്രീം ഉപയോഗിച്ച വ്യക്തിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രമോഷന്‍ നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചാണ് റെനീഷ രംഗത്തെത്തിയത്.

ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായെന്ന ആരോപണം ഉയര്‍ന്ന എഫ് ട്യൂണ്‍ ഫെയര്‍നസ് ക്രീമിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞ് ഇന്‍ഫ്ലുവന്‍സര്‍മാര്‍. ക്രീം പ്രമോട്ട് ചെയ്തതില്‍ തെറ്റ് പറ്റിയെന്ന് ടെലിവിഷന്‍ താരം റെനീഷ റഹ്‌മാന്‍ പ്രതികരിച്ചു. ക്രീം ഉപയോഗിച്ച വ്യക്തിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രമോഷന്‍ നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചാണ് റെനീഷ രംഗത്തെത്തിയത്.


സോഷ്യല്‍ മീഡിയയില്‍ ഇതുവരെ പ്രമോട്ട് ചെയ്തതോ റിവ്യൂ നല്‍കിയതോ ആയ ഉല്‍പ്പന്നങ്ങള്‍ താന്‍ ഉപയോഗിച്ചിട്ടുള്ളവയാണെന്ന് റെനീഷ പറഞ്ഞു. സ്വിമ്മിങ് ക്ലാസിനിടെ ക്ലോറിന്‍ വെള്ളം കാരണം മുഖത്ത് ടാന്‍ ഉണ്ടായ സമയത്താണ് എഫ് ട്യൂണ്‍ ക്രീമിന്റെ പ്രമോഷന്‍ ലഭിച്ചത്. ഉപയോഗിച്ച ശേഷം പ്രമോട്ട് ചെയ്യാമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 14-15 ദിവസത്തിലധികം ക്രീം ഉപയോഗിച്ചു. നല്ല ഫലം ലഭിക്കുകയും പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് ആത്മവിശ്വാസത്തോടെ പ്രമോഷന്‍ വീഡിയോ ചെയ്തതെന്നും താരം വിശദീകരിച്ചു.
പ്രമോഷനുകള്‍ക്ക് പണം വാങ്ങുന്നത് തന്റെ ഉപജീവനത്തിന്റെ ഭാഗമാണെങ്കിലും പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയല്ല താനെന്നും റെനീഷ വ്യക്തമാക്കി. ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാല്‍ സോഷ്യല്‍ മീഡിയയിലെ റിവ്യൂകള്‍ മാത്രം വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ക്രീമുകളും മറ്റ് സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ഡെര്‍മറ്റോളജിസ്റ്റിന്റെയോ നിര്‍ദേശം തേടണമെന്നും താരം ആവശ്യപ്പെട്ടു.

ഒരു വര്‍ഷം മുമ്പാണ് എഫ് ട്യൂണ്‍ ക്രീമിന്റെ പ്രമോഷന്‍ നടത്തിയതെന്നും റെനീഷ പറഞ്ഞു. ക്രീം ഉപയോഗിച്ച ഒരു പെണ്‍കുട്ടി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലായെന്ന വാര്‍ത്ത കണ്ടപ്പോള്‍ താനും ഞെട്ടിപ്പോയി. ക്രീം ഉപയോഗിച്ച വ്യക്തി എന്ന നിലയിലും പ്രമോട്ട് ചെയ്തയാള്‍ എന്ന നിലയിലും വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും പെണ്‍കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റെനീഷ പ്രതികരിച്ചു.

അതേസമയം, മുഖം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോട്ട് ചെയ്ത ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ എം.ടി. മുര്‍ഷിദ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തില്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ ഉത്തരവാദിത്തം പുലര്‍ത്തണമെന്നും ഇത്തരം പരസ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.


 

Tags