അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ ക്ക് ഇളയരാജയുടെ വക്കീൽ നോട്ടിസ്


നടൻ അജിത്തിന്റെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലി നിർമാതാവിന് വക്കീൽ നോട്ടിസയച്ച് സംഗീത സംവിധായകൻ ഇളയരാജ. അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. ചിത്രത്തിൽ അനുമതി ഇല്ലാതെ ഇളയരാജയുടെ മൂന്ന് ഗാനങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രം ഏപ്രിൽ പത്തിനാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. അജിത്തിനൊപ്പം തൃഷ, അർജുൻ ദാസ്, പ്രിയ വാര്യർ, പ്രഭു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ നിറഞ്ഞോടുന്നതിനിടെയാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ്.
നേരത്തെ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്മണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിന് സമാനരീതിയിൽ അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.
