"കഴിഞ്ഞ എട്ടു വർഷമായി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല"; വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ
മുംബൈ: തന്റെ പഴയ മദ്യപാനശീലത്തെക്കുറിച്ചും അതിൽനിന്ന് വിട്ടുനിന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് നടി ശ്രുതി ഹാസൻ. കഴിഞ്ഞ എട്ടു വർഷമായി താൻ ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്ന് താരം വെളിപ്പെടുത്തി. മദ്യപാനം തനിക്ക് നല്ലതല്ലെന്ന് സ്വയം തിരിച്ചറിഞ്ഞതോടെയാണ് അത് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ശ്രുതി വ്യക്തമാക്കി.നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായെത്തുന്ന ‘ഡബിൾ ഡേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
എട്ടു വർഷം മുൻപ് വരെ താൻ മദ്യപിക്കാറുണ്ടായിരുന്നുവെന്നും, അത് തനിക്ക് ഗുണകരമല്ലെന്ന് മനസ്സിലാക്കിയതോടെ പെട്ടെന്നൊരു ദിവസം നിർത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്നും ശ്രുതി പറഞ്ഞു. "കഴിഞ്ഞ എട്ടു വർഷമായി ഒരു തുള്ളി മദ്യം പോലും ഞാൻ കുടിച്ചിട്ടില്ല. അതിനു മുൻപ് മദ്യപിക്കുമായിരുന്നു. ഇപ്പോൾ ആ ശീലം ഞാൻ കൃത്യമായി നിയന്ത്രിക്കുന്നുണ്ട്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും പെട്ടെന്ന് ആസക്തി തോന്നുന്ന പ്രകൃതക്കാരിയാണ് ഞാൻ. മദ്യപാനം എനിക്ക് നല്ലതല്ലെന്ന് സ്വയം മനസ്സിലാക്കിയതോടെ വളരെ സൂക്ഷിച്ചാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ എഴുന്നേറ്റ് ഇനി മദ്യപിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു," ശ്രുതി കൂട്ടിച്ചേർത്തു.
സ്വന്തം ശീലങ്ങളെക്കുറിച്ചും അവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും തുറന്നുസംസാരിക്കുന്ന താരത്തിന്റെ വാക്കുകൾ ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ആകാശംലോ ഒക താര’യാണ് ശ്രുതി ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'രോഹിണി' എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 20-ന് തിയറ്ററുകളിലെത്തും.
.jpg)

