ലാലേട്ടന്റെ മുഖത്തിന് പകരം എന്നെ ഉപയോഗിച്ചിട്ടില്ല, എക്‌സൈറ്റ്‌മെന്റില്‍ പറ്റിയ അബദ്ധമാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ കാരണം ; ഡ്യൂപ്പ് വിവാദത്തില്‍ ജോബി

mohanlal

ഇത്രയും വലിയ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയല്ല താന്‍ ഫോട്ടോ പങ്കുവെച്ചതെന്ന് ജോബി കൊടകര വ്യക്തമാക്കുന്നു.

'ജയിലര്‍ 2' സിനിമയില്‍ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ ടൈം കുറഞ്ഞത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതിനുപിന്നാലെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി അഭിനയിച്ച ജോബി കൊടകര ലൊക്കേഷന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ സൈബര്‍ ആക്രമണത്തിന് വഴിവെച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകളിലെ അവതരണരീതിയും ഈ പോസ്റ്റും ചേര്‍ത്തുവെച്ച് നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
എന്നാല്‍, ഇത്രയും വലിയ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയല്ല താന്‍ ഫോട്ടോ പങ്കുവെച്ചതെന്ന് ജോബി കൊടകര വ്യക്തമാക്കുന്നു. ചിത്രത്തില്‍ താന്‍ ഏതൊക്കെ സീനുകളിലാണ് അഭിനയിച്ചതെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്. 

'സിനിമയില്‍ എന്റെ മുഖം വന്നിട്ടില്ല. ഒരു ഡയറക്ടറും ഡൂപ്പിന്റെ മുഖം ഷൂട്ട് ചെയ്യില്ല. ഡബിള്‍ ബോഡിയായി അഭിനയിക്കുമ്പോള്‍ കയ്യോ കാലോ കാണിക്കുന്ന ഒന്നോ രണ്ടോ ഷോട്ടുകള്‍ മാത്രമേ ഉണ്ടാകൂ. ഞാന്‍ കുറേ വര്‍ഷങ്ങളായി ഡൂപ്പ് ചെയ്യുന്നുണ്ട്. ലാലേട്ടനെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് സാമ്യമുള്ളതുകൊണ്ട് ഈ വേഷം ചെയ്യാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. എയര്‍പോര്‍ട്ടിലെയും ക്ലൈമാക്‌സിലെയും ചില സീനുകളില്‍ ഗിയര്‍ മാറ്റുന്നതും ആക്‌സിഡന്റ് ബ്രേക്ക് ചവിട്ടുന്നതുമായ കയ്യുടെയും കാലിന്റെയും ഭാഗങ്ങള്‍ മാത്രമാണ് എന്റേതായി ഉള്ളത്.

സിനിമ റിലീസ് ചെയ്യുന്ന ദിവസം രാവിലെ ഞാന്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കാരണം ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കേരളത്തിലെ ഒരു മലയാളി ഡൂപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം നാലാളുകളെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അങ്ങനെ ചെയ്തത്. ആ സമയത്ത് ഡൂപ്പ് ചെയ്യുന്ന കലാകാരന്മാരുടെ എത്തിക്‌സോ പ്രൊഫഷണലിസമോ ഒന്നും എന്റെ മനസ്സിലേക്ക് വന്നില്ല. അതാണ് എനിക്ക് പറ്റിയ മിസ്റ്റേക്ക്. എന്റെ അറിവില്ലായ്മ കൊണ്ട് പെട്ടെന്ന് സംഭവിച്ചു പോയതാണ്. ആ തെറ്റ് ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു; ജോബി കൊടകര പറഞ്ഞു.

Tags