'ഷൂട്ടിനിടെ പെട്ടെന്ന് പാനിക് അറ്റാക്ക് പോലെയുണ്ടായി, ആരും അറിഞ്ഞില്ല': തുറന്നുപറഞ്ഞ് ഗിരീഷ് എ ഡി
'ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശങ്ങള്‍ ആദ്യം കാണുകയും അമിതമായി ചിന്തിച്ച് കാര്യങ്ങള്‍ വഷളാക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്.
'പ്രേമലു'വിന്റെ വന്‍ വിജയത്തിന് ശേഷം താന്‍ അനുഭവിച്ച കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും വെളിപ്പെടുത്തി സംവിധായകന്‍ ഗിരീഷ് എ.ഡി. പുതിയ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്ക് പോലെയുണ്ടായെന്നും, കാര്യങ്ങളെ അമിതമായി ചിന്തിച്ച് വഷളാക്കുന്ന സ്വഭാവമാണ് തന്റേതെന്നും ഗിരീഷ് എ ഡി പറയുന്നു.
'ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശങ്ങള്‍ ആദ്യം കാണുകയും അമിതമായി ചിന്തിച്ച് കാര്യങ്ങള്‍ വഷളാക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ പോലും തോന്നാറില്ല. പരീക്ഷയ്ക്ക് പോകുന്ന ഒരു കുട്ടിയുടെ ഭയത്തോടും മാനസിക സമ്മര്‍ദ്ദത്തോടും കൂടിയാണ് ഓരോ ദിവസവും സെറ്റിലേക്ക് പോകുന്നത് (ചിരി). എന്നാല്‍, സെറ്റിലെത്തി ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ല.
സെറ്റിലുണ്ടാകുന്ന തമാശകളില്‍ വെറുതെയൊന്ന് ചിരിക്കുമെങ്കിലും, അതിലേക്ക് മാനസികമായി ഇറങ്ങിച്ചെല്ലാനോ ആസ്വദിക്കാനോ സാധിക്കാറില്ല. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് അനുഭവപ്പെട്ടത്. ഒരു സീന്‍ എടുക്കുന്നതിനിടയില്‍ ഭയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരെയുണ്ടായി.
വലിയ സീനൊന്നുമല്ലാതിരുന്നിട്ട് കൂടി പെട്ടെന്ന് പാനിക് അറ്റാക്ക് പോലെയൊരു അവസ്ഥയുണ്ടാവുകയായിരുന്നു, മറ്റാരും അറിയാതെ എങ്ങനെയൊക്കെയോ അത് നിയന്ത്രിക്കുകയായിരുന്നു. 'പ്രേമലു'വിന്റെ വന്‍ വിജയത്തിന് ശേഷം ചെയ്യുന്ന സിനിമയായതിനാലാകാം ഇത്രയും സമ്മര്‍ദ്ദം അനുഭവപ്പെട്ടത്, എന്നാല്‍ അത്തരം ഭാരങ്ങള്‍ തലയിലേറ്റേണ്ടതില്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു'; ഗിരീഷ് എ ഡി പറഞ്ഞു.
.jpg)

