മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തിട്ട് പണം പോലും കിട്ടിയില്ല ; ഭയങ്കര ബുദ്ധിമുട്ടേറിയ സമയം ജീവിതത്തിലുണ്ടായിട്ടുണ്ട് ; സംഗീത് പ്രതാപ്
അന്ന് അത് പേടിച്ചാണ് ചെയ്തതെന്നും സംഗീത് പറഞ്ഞു.
'പ്രേമലു' എന്ന ഒരൊറ്റ ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനും എഡിറ്ററുമാണ് സംഗീത് പ്രതാപ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറെ കഷ്ടതകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് സംഗീത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മരണാനന്തര ചടങ്ങുകള്‍ വരെ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും അന്ന് അത് പേടിച്ചാണ് ചെയ്തതെന്നും സംഗീത് പറഞ്ഞു. ആ വര്‍ക്കിന്റെ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തിട്ടുണ്ട്. സ്റ്റുഡിയോയുടെ ഉടമയാണ് നമുക്ക് വര്‍ക്ക് തരുന്നത്. എന്തെങ്കിലും കറക്ഷനുണ്ടെങ്കില്‍ പറയുന്നതും അദ്ദേഹമാണ്. ഒരിക്കല്‍ സാമ്പത്തികമായി ഭയങ്കരമായി ബുദ്ധിമുട്ടുള്ള സമയം. കല്യാണ വര്‍ക്ക് ചോദിച്ച് അങ്ങോട്ട് വിളിച്ചു. ഒരു വര്‍ക്കുണ്ട്, ഞാന്‍ തന്നെ പിടിച്ചിട്ടില്ല. ഫ്യൂണറല്‍ ആണ് പരിപാടി. പിടിക്കണോ എന്ന് ചോദിച്ചു. പിടിക്കാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പിടിച്ചു.
രാത്രി പതിനൊന്നിനും രാവിലെ ഏഴിനും ഇടയിലാണ് ഈ വര്‍ക്ക് ചെയ്യേണ്ടത്. വെളുപ്പിന് ഇരുന്ന് ചെയ്യുകയാണ്. ചെയ്യാന്‍ തുടങ്ങി. ഇന്നും എനിക്ക് അതിന്റെ ട്രോമയുണ്ട്. പേടിയുമാകുന്നുണ്ട്, എഡിറ്റ് ചെയ്ത് തീര്‍ക്കുകയും വേണം. കുറച്ച് ഡാര്‍ക് ഹ്യൂമറാണ്, പറഞ്ഞാല്‍ ഞാന്‍ എയറില്‍ പോകുമോ എന്നറിയില്ല. പേടി കുറയ്ക്കാന്‍ ഹെഡ് സെറ്റില്‍ വേറെ പാട്ട് ഇട്ടാണ് ഞാന്‍ എഡിറ്റ് ചെയ്തത്. അവസാനം മരണത്തിന്റേതായ പാട്ട് ഫില്‍ ചെയ്തു കൊടുക്കുകയായിരുന്നു. ഭയങ്കര ഡാര്‍ക്ക് ആയിരുന്നു ആ സമയത്ത് എഡിറ്റ് ചെയ്യുകയെന്നത്.
ഒറ്റ വര്‍ക്കേ ഞാന്‍ ചെയ്തിട്ടുള്ളൂ. അവര്‍ ഭയങ്കര വലിയ കുടുംബമായിരുന്നു. തമാശ എന്താണെന്ന് വച്ചാല്‍ അതിന്റെ പൈസ എനിക്ക് കിട്ടിയിട്ടില്ല. അവര്‍ പൈസ തന്നില്ലെന്നാണ് പറഞ്ഞത്. നഷ്ടമായ പൈസകളുടെ കൂട്ടത്തില്‍ ഇതും ഉണ്ട്. ഞാന്‍ വിളിച്ച് ചേട്ടാ അതെങ്കിലും എനിക്ക് തരണമെന്ന് പറഞ്ഞു. ഇത്രയും പേടിച്ച് രാത്രിയിരുന്ന് ചെയ്തതാണേ എന്നും' സംഗീത് പറയുന്നു.
.jpg)

