ആദ്യദിനം അത്ഭുതദ്വീപിന് കിട്ടിയ കൂവല്‍ പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു; ഗിന്നസ് പക്രു
സിനിമ ഇറങ്ങിയ ആദ്യ ദിവസമായിരുന്നു. സിനിമയുടെ ഒരു ഏരിയ അങ്ങ് കഴിഞ്ഞപ്പോള്‍ സിനിമയ്ക്ക് ഭയങ്കര കൂവല്‍.
വിനയന്റെ സംവിധാനത്തില്‍ പൃഥ്വിരാജും ഗിന്നസ് പക്രുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'അത്ഭുതദ്വീപ്'. സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററിലുണ്ടായ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രതിസന്ധികളും പങ്കുവെക്കുകയാണ് നടന്‍ ഗിന്നസ് പക്രു. റിലീസ് ദിനത്തിലെ കൂവലുകളില്‍ നിന്ന് പിന്നീട് 84 ദിവസത്തോളം തിയേറ്ററുകളില്‍ വിജയം കൊയ്ത ചിത്രമായി 'അത്ഭുതദ്വീപ്' മാറിയതിനെക്കുറിച്ച് ഗിന്നസ് പക്രു ഓര്‍ത്തെടുക്കുന്നു.
'അത്ഭുതദ്വീപ് സിനിമ കാണാനായി ഞാന്‍ കോട്ടയത്ത് ഒരു തിയേറ്ററില്‍ ഇരിക്കുകയാണ്. സിനിമ ഇറങ്ങിയ ആദ്യ ദിവസമായിരുന്നു. സിനിമയുടെ ഒരു ഏരിയ അങ്ങ് കഴിഞ്ഞപ്പോള്‍ സിനിമയ്ക്ക് ഭയങ്കര കൂവല്‍. കൂവല്‍ എന്ന് പറഞ്ഞാല്‍ സിനിമ കഴിയുന്നതുവരെ കൂവല്‍. ഒരു വാക്കുപോലും കേള്‍ക്കുന്നില്ല. അവസാനം ക്ലൈമാക്‌സ് സീക്വന്‍സില്‍ ഞാന്‍ കൈ ഇങ്ങനെ കാണിക്കുന്ന സീന്‍ ഉണ്ടല്ലോ. അവിടെ ക്ലാപ്പ് വന്നു. അത് കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ അത്ര സംതൃപ്തനായിരുന്നില്ല. ഇതെന്താണ് ഇങ്ങനെ കൂവല്‍ എന്ത് പറ്റി എന്ന് എനിക്ക് തോന്നിപ്പോയി.
സാറിനെ വിളിച്ചപ്പോള്‍ സാര്‍ പറഞ്ഞു, പലയിടത്തും അങ്ങനെയാണെന്ന്. മനപ്പൂര്‍വം അങ്ങനെ ചെയ്യുന്നുണ്ട് എന്ന്. 'അതിനിപ്പോള്‍ നമ്മള്‍ എന്ത് ചെയ്യാനാ' എന്ന് ചോദിച്ചു. അത് ഞാന്‍ ഫസ്റ്റ് ഡേ ആ തിയേറ്ററില്‍ ഇരുന്ന് അനുഭവിച്ച ഒരാളാണ്. അതൊക്കെ വലിയൊരു വിഷമമായിരുന്നു. സിനിമ കാണാന്‍ വരുന്നവര്‍ക്ക് ഒരു വാക്കുപോലും കേള്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള ശബ്ദവും കൂവലുമായിരുന്നു തിയേറ്ററില്‍ അന്നുണ്ടായിരുന്നത്.
പിന്നെ നമ്മള്‍ തന്നെ ആ സിനിമയ്ക്ക് വേണ്ടി ഇറങ്ങി. സിനിമയില്‍ അഭിനയിച്ചിട്ടുള്ള ചെറിയ ആളുകളും ഒക്കെ ആയിട്ട് ഒരു വണ്ടിയില്‍ യാത്ര ചെയ്തിട്ട് തിയേറ്ററുകള്‍ സന്ദര്‍ശിച്ചു. അതുകഴിഞ്ഞ്, എന്റെ ഓര്‍മ ശരിയാണെങ്കില്‍, 84 ദിവസം വരെ തിയേറ്ററില്‍ ചിത്രം ഓടി. അതൊക്കെ ആലോചിക്കുമ്പോള്‍ സന്തോഷമാണ്. പൃഥ്വിരാജിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ പുറത്താണ് അങ്ങനെ ഒരു കൂവല്‍ ഉണ്ടായതെന്ന് എനിക്ക് അറിയില്ല. അന്ന് എനിക്ക് അതൊന്നും അറിയില്ലായിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം സിനിമയിലെ പൊളിറ്റിക്‌സ് ഒന്നും അന്ന് അറിയുന്ന കാലമല്ലായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയും കാര്യങ്ങളൊക്കെ കയ്യിലുള്ളതുകൊണ്ട് എല്ലാം നമുക്ക് അറിയാന്‍ പറ്റും.
സിനിമയുടെ ഫസ്റ്റ് ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. വിമാനം തകര്‍ന്നവര്‍ അകത്ത് കയറിത്തുടങ്ങുന്നത് മുതലായിരുന്നു തിയേറ്ററില്‍ പ്രശ്‌നം. പക്ഷേ എനിക്ക് അന്നൊരു സന്തോഷമെന്ന് പറയുന്നത്, കലഹിച്ചുകൊണ്ടിരിക്കുന്ന ആ ഒരു സ്ഥലത്ത് നിന്ന് ക്ലൈമാക്‌സ് സീനില്‍ ഇവരെല്ലാവരും കൈയടിച്ചത് ഇപ്പോഴും എന്റെ മനസിലുണ്ട്. അത് കലാകാരന് കിട്ടുന്ന അംഗീകാരമാണ്. സന്തോഷം തോന്നിയ ഒരു നിമിഷമാണ് അത്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ പോയി സിനിമ ഫുള്‍ ആയിട്ട് അതായത് ശബ്ദമില്ലാതെ ബഹളം ഒന്നുമില്ല കണ്ടത്; പക്രു പറഞ്ഞു.
.jpg)

