മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നവരെ എങ്ങനെ വിശ്വസിക്കും: കമല്‍ ഹാസനെതിരെ ചിന്മയി

google news
kamal

കമല്‍ ഹാസനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കമല്‍ ഹാസന്‍ എത്തിയിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം. അഞ്ചു വര്‍ഷമായി തനിക്കെതിരെയുള്ള വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്നാണ് ചിന്മയി പറയുന്നത്.


റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്.
ഇത് പങ്കുവച്ചു കൊണ്ടാണ് ചിന്മയി കമല്‍ ഹാസനെതിരെ പ്രതികരിച്ചത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഗായികയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമല്‍ ഉയര്‍ത്തിയിട്ടില്ല എന്നാണ് ചിന്മയിയുടെ വിമര്‍ശനം.

മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ചിന്മയി ചോദിക്കുന്നുണ്ട്. 2018ല്‍ ആണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്.

ഇതിനെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി ഈ വിലക്ക് തുടരുകയാണ്.

Tags