ഹോളിവുഡ് നടി സിന്റി ജെയിന്‍ വില്ല്യംസ് അന്തരിച്ചു

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി സിന്റി ജെയിന്‍ വില്ല്യംസ് (72) അന്തരിച്ചു. സിറ്റ്‌കോം വിഭാഗത്തില്‍പ്പെടുന്ന 1976 മുതല്‍ 83 വരെ സംപ്രേഷണം ചെയ്ത ലാവര്‍നെ ആന്റ് ഷേര്‍ലി എന്ന ടിവി സീരീസിലൂടെയാണ് സിന്റി പ്രശസ്തി നേടുന്നത്. ഷെര്‍ലി ഫീനേ എന്ന കഥാപാത്രത്തെയാണ് സിന്റി അവതരിപ്പിച്ചത്.വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യമെന്ന് നടിയുടെ കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.
1947 ആഗസ്റ്റ് 22 കാലിഫോര്‍ണിയയിലീണ് സിന്റി ജനിക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു. ലോസ് ആഞ്ജലീസ് സിറ്റി കോളേജില്‍ നിന്ന് തിയേറ്ററില്‍ ബിരുദം നേടിയിട്ടുണ്ട്.1982ല്‍ ഗായകന്‍ ബില്‍ ഹഡ്‌സണെ വിവാഹം ചെയ്തു. എമിലി ഹഡ്‌സണ്‍, സാക്രെ ഹഡ്‌സണ്‍ എന്നിവര്‍ മക്കളാണ്. 2000 ത്തില്‍ ഈ ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചു.
റൂം 222 എന്ന സീരീസിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ഗ്യാസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദ കില്ലിങ് കൈന്‍ഡ്, ബിംഗോ, ദ കോണ്‍വര്‍സേഷന്‍, ബിഗ് മാന്‍ കാമ്പസ്, കനാന്‍ ലാന്‍ഡ് തുടങ്ങി ഇരുപത്തിയൊന്ന് ചിത്രങ്ങളില്‍ വേഷമിട്ടു. ഹാപ്പി ഡേയ്‌സ്, ഗെറ്റിങ് ടുഗെതര്‍, പോലീസ് സ്‌റ്റോറി, സെവന്‍ത് ഹെവന്‍, എ ഓഫ് ക്രിസ്മസ്, ഡ്രൈവ് തുടങ്ങി അന്‍പതോളം ടെലിവിഷന്‍ സീരീസുകളില്‍ അഭിനയിച്ചു.