എനിക്ക് ചെയ്യാൻ ഏറെ ആഗ്രഹമുള്ളതും വൈകാരികമായി ഏറെ അടുത്തുനിൽക്കുന്നതുമായ ഒരു ചരിത്ര സിനിമയാണിത് ; ‘കാളിയനെ’ക്കുറിച്ച് പൃഥ്വിരാജ്

kaaliyan

 ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൃഥ്വിരാജിന്റെ സ്വപ്ന പദ്ധതികളിലൊന്നായ 'കാളിയൻ' വീണ്ടും ചർച്ചയാകുന്നു. 'ഉറുമി'ക്ക് ശേഷം താരം ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചപ്പോൾ മോഷൻ പോസ്റ്ററും ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീട് പദ്ധതിയെക്കുറിച്ച് കാര്യമായ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ, സിനിമയുടെ നിലവിലെ പുരോഗതിയും വൈകാൻ കാരണമായ സാഹചര്യങ്ങളും സംബന്ധിച്ച് ആദ്യമായി പ്രതികരിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നിരിക്കുകയാണ്.

തനിക്ക് ചെയ്യാൻ ഏറെ ആഗ്രഹമുള്ളതും വൈകാരികമായി ഏറെ അടുത്തുനിൽക്കുന്നതുമായ ഒരു ചരിത്ര സിനിമയാണിതെന്നും, ഈ പ്രോജക്ടിനായി താൻ സമയം മാറ്റിവെച്ചിട്ടുണ്ടെന്നും റേഡിയോ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. എന്നാൽ വലിയൊരു ക്യാൻവാസിലുള്ള ഈ സിനിമ യാഥാർത്ഥ്യമാകാൻ മറ്റ് ചില കാര്യങ്ങൾ കൂടി ഒത്തുവരേണ്ടതുണ്ടെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

വേണാടിന്റെ ധീരനായ ചരിത്ര നായകൻ കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നീണ്ട നാളത്തെ ഗവേഷണങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം ബി.ടി. അനിൽകുമാർ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്. മഹേഷ് ആണ്. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ രവി ബസ്രൂറാണ് കാളിയന്റെയും സംഗീത സംവിധായകൻ. ‘അനാർക്കലി’ എന്ന ചിത്രത്തിന് ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുജിത് വാസുദേവാണ്. നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Tags