ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ ; 'കാട്ടാളനി'ലെ കാരക്ടർ പോസ്റ്റർ പുറത്ത്
ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ എത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ ഹിപ്സ്റ്റർ പ്രണവ് രാജിൻറെ കാരക്ടർ പോസ്റ്റർ പുറത്ത്. കാട്ടാളനിൽ അലോക എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രം മേയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും.
സിനിമയുടേതായി ഇതിനകം പുറത്തുവന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.
ആനക്കൊമ്പ് കള്ളക്കടത്തിൻറെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. ആനക്കൊമ്പുകൾക്കും ആയുധ കൂമ്പാരങ്ങൾക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിൻറേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിൻറെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.
.jpg)

