'അവസരം വേണമെങ്കില് ഒപ്പം കിടക്കണമെന്ന് പറഞ്ഞു, ഞാന് ഞെട്ടിപ്പോയി'; തെലുങ്ക് സംവിധായകനെതിരായ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നിതി ടെയ്ലര്
സംഭവത്തില് ഞെട്ടിപ്പോയ താന് ഫോണ് കട്ട് ചെയ്ത് സംവിധായകന്റെ നമ്പര് ബ്ലോക്ക് ചെയ്തെന്നും നിതി പറഞ്ഞു.
തെലുങ്ക് സിനിമാ മേഖലയില് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ടെലിവിഷന് താരം നിതി ടെയ്ലര്. മറ്റൊരു സിനിമയില് അവസരം നല്കാമെന്ന് പറഞ്ഞ് താന് മുമ്പ് പ്രവര്ത്തിച്ച സംവിധായകന് ലൈംഗിക താല്പര്യത്തോടെ സമീപിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്. സംഭവത്തില് ഞെട്ടിപ്പോയ താന് ഫോണ് കട്ട് ചെയ്ത് സംവിധായകന്റെ നമ്പര് ബ്ലോക്ക് ചെയ്തെന്നും നിതി പറഞ്ഞു.
തന്റെ ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം പൂര്ത്തിയായ ശേഷമാണ് സംവിധായകന് മറ്റൊരു ചിത്രത്തെക്കുറിച്ച് സംസാരിക്കാന് വിളിച്ചതെന്ന് നിതി വ്യക്തമാക്കി. എന്നാല് സംഭാഷണത്തിനിടെ പുതിയ സിനിമയില് അവസരം ലഭിക്കണമെങ്കില് തന്നോടൊപ്പം കിടക്ക പങ്കിടേണ്ടിവരുമെന്ന് ഇയാള് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഫോണ് കട്ട് ചെയ്തെന്നും ഉടന് തന്നെ അമ്മയെ വിളിച്ച് വിവരം പറഞ്ഞെന്നും നിതി വെളിപ്പെടുത്തി.
സംവിധായകനെ മറ്റ് ചില യുവതികള്ക്കൊപ്പം മുമ്പ് കണ്ടിട്ടുണ്ടെങ്കിലും തന്നോടും ഇത്തരത്തില് പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിതി പറഞ്ഞു. സംഭവത്തെത്തുടര്ന്നുണ്ടായ മാനസികാഘാതം കാരണം അക്കാലത്ത് ഇക്കാര്യം മറ്റാരോടും തുറന്നുപറയാന് കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്ത്തു. ഈ അനുഭവം സിനിമയില് തുടരാനുള്ള താല്പര്യം തന്നെ ഇല്ലാതാക്കിയെന്നും നിതി വ്യക്തമാക്കി.
.jpg)


