'അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയാണ്'; വൈറൽ വീഡിയോയിലെ വിവാദങ്ങൾക്ക് മറുപടിയുമായി കീർത്തി സുരേഷ്
ചെന്നൈ: 'സത്യവാൻ സാവിത്രി' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ സംവിധായകൻ മിഷ്‌കിൻ തന്റെ കാലിൽ കൈവച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങളിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി കീർത്തി സുരേഷ്. സംഭവത്തിൽ താൻ അസ്വസ്ഥയായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, മിഷ്‌കിൻ തനിക്ക് അച്ഛനെപ്പോലെയാണെന്നും കീർത്തി വ്യക്തമാക്കി. 'ഗലാട്ട പ്ലസിന്' നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്."നമ്മൾ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാവരെയും പോയി ബോധ്യപ്പെടുത്താനാകില്ല. നല്ലത് എടുക്കുക, ചീത്തത് വിട്ടുകളയുക എന്നതാണ് എന്റെ രീതി. പക്ഷേ ചിലപ്പോൾ പ്രതികരിക്കേണ്ടി വരും," കീർത്തി പറഞ്ഞു.
പ്രസ് മീറ്റിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മിഷ്‌കിന്റെ പ്രവൃത്തി തന്നെ അസ്വസ്ഥയാക്കിയെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് കീർത്തി പറയുന്നു. "എനിക്ക് അസ്വസ്ഥതയായെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ? അദ്ദേഹത്തെ ഞാൻ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹം എന്നെ മകളുടെ സ്ഥാനത്തും. സത്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ കൈ പിടിക്കാൻ പോവുകയായിരുന്നു, അതിനുമുമ്പേ അദ്ദേഹം കൈ എടുത്തു. എന്ത് കണ്ടിട്ടാണ് എന്റെ മുഖത്ത് അസ്വസ്ഥതയുണ്ടെന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ല," താരം വ്യക്തമാക്കി.
വെറും കണ്ടന്റുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ഇത് കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും കീർത്തി കൂട്ടിച്ചേർത്തു. "അദ്ദേഹം വളരെ പാവമാണ്. എന്നെക്കുറിച്ച് അത്രയും നല്ല വാക്കുകളാണ് സംസാരിച്ചത്. പരിചയപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്വന്തം മകളുടെ ഫോട്ടോ കാണിച്ചുതന്നിട്ട്, എന്നെ കാണുമ്പോൾ മകളെ ഓർമ്മ വരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്കിടയിൽ വലിയ പരസ്പര ബഹുമാനമുണ്ട്. അതിനെ മാനിക്കണം. വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുന്നത് കേൾക്കുമ്പോൾ അരിശം വരും," കീർത്തി സുരേഷ് പറഞ്ഞു.
.jpg)

