“ഡ്യൂപ്പ് വേണ്ട, ഞാൻ തന്നെ ചെയ്യാം” ; ഏറെ വെല്ലുവിളികൾ നിറഞ്ഞ രംഗമായിരുന്നിട്ടും ഡ്യൂപ്പിന്റെ സഹായം വേണ്ടെന്ന് വച്ച ടിക്കി ടാക്ക’യിലെ മാസ്സ് ഫൈറ്റിനെക്കുറിച്ച് ഹരിശ്രീ അശോകൻ

tikitaka

 ആസിഫ് അലിയെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാസ്സ് ആക്ഷൻ ചിത്രമാണ് ‘ടിക്കി ടാക്ക’. വലിയ കാത്തിരിപ്പോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രമുഖ നടൻ ഹരിശ്രീ അശോകനും എത്തുന്നുണ്ട്. സിനിമയിൽ ഏകദേശം 22 ഓളം ആക്ഷൻ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന ഫൈറ്റ് സീനിൽ ഡ്യൂപ്പില്ലാതെ താൻ അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് തികച്ചും റിസ്കുള്ള ഒരു ആക്ഷൻ രംഗത്തെക്കുറിച്ച് സംവിധായകൻ ഹരിശ്രീ അശോകനോട് സംസാരിക്കുന്നത്. കറങ്ങി വരുന്ന ഒരു മെഷീനിലേക്ക് റോപ്പ് മാർഗ്ഗം വന്നിറങ്ങി, തെറ്റാലി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതായിരുന്നു ആ സീൻ. കട്ട് ഷോട്ടുകളായിട്ടാണ് ഇത് ചിത്രീകരിച്ചത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ രംഗമായിരുന്നിട്ടും ഡ്യൂപ്പിന്റെ സഹായം വേണ്ടെന്ന് താരം ഉറപ്പിച്ചു പറയുകയായിരുന്നു. തനിക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ മാത്രം ഡ്യൂപ്പിനെ വെച്ചാൽ മതിയെന്ന നിലപാടിലായിരുന്നു അദ്ദേഹം. റിസ്ക് എടുത്ത് ചെയ്ത ആ സ്റ്റണ്ട് രംഗം മനോഹരമായി പൂർത്തിയായപ്പോൾ ഫൈറ്റ് മാസ്റ്റർ അടക്കമുള്ളവർ വന്ന് താരത്തിന് കൈയടി നൽകി.

പ്രേക്ഷകർക്ക് തിയേറ്ററിൽ ഒരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുന്ന രീതിയിലാണ് ‘ടിക്കി ടാക്ക’ ഒരുങ്ങുന്നത്. തന്റെ കരിയറിലെ ‘കെ.ജി.എഫ്’ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണിതെന്ന് ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമ്മാതാക്കളായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Tags