‘ഹാപ്പിലൂപ്പിന്റെ’ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

MANJU

 മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ പ്രധാന വേഷത്തിൽ അവതരിപ്പിച്ചു കൊണ്ട് ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹാപ്പിലൂപ്പിന്റെ’ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ‘ഗൗതമന്റെ രഥം’, ‘വാഴ 1’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനൻ ഒരുക്കുന്ന ഈ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യർക്ക് പുറമെ മുകേഷ്, മധു വാര്യർ, വി.കെ പ്രകാശ്, നിശാന്ത് സാഗർ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

ആഷിഖ് ഐമർ കഥയും തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിന് ഗൗതം ശങ്കറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ് എന്നിവർ ചേർന്ന് സംഗീതം നൽകുന്ന സിനിമയുടെ എഡിറ്റിംഗ് കണ്ണൻ മോഹൻ കൈകാര്യം ചെയ്യുന്നു. റോണക്‌സ് സേവ്യർ മേക്കപ്പും ലിജി പ്രേമൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാങ്കേതിക മേഖലയിലും മികച്ച നിര തന്നെയാണ് പ്രവർത്തിക്കുന്നത്. മഞ്ജു വാര്യരുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരിക്കും ഹാപ്പിലൂപ്പിലേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

Tags