തെയ്യവും ചെണ്ടയും ലോകത്തെ കാണിച്ച് 'ഹനുമാൻ കൈൻഡി'ന്റെ അടിപൊളി ഗാനം


ആഗോള ശ്രദ്ധ നേടിയ റാപ്പർ ഹനുമാൻ കൈൻഡിന്റെ പുതിയ ഗാനം വീണ്ടും വൈറൽ ആകുന്നു.’റൺ ഇറ്റ് അപ്പ്’ എന്ന ഗാനത്തിൽ ഭാരതത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന കലാരൂപങ്ങളും ആയോധന കലകളും ആണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പൈതൃക രൂപങ്ങളിൽ അഞ്ചും കേരളത്തിൽ നിന്നുള്ളതാണ്. ഒപ്പം ഗാനത്തിലുടനീളം ചെണ്ടയും ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ചെണ്ടമേളം, കളരിപ്പയറ്റ്, ഗരുഡൻ പറവ, വെള്ളാട്ടം, കണ്ടനാർ കേളൻ തുടങ്ങിയ കലാരൂപങ്ങൾ ആണ് കേരളത്തിൽ നിന്ന് ഉള്ളവ. മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ പ്രധാനമായും കെട്ടിയാടുന്ന തെയ്യമാണ് കണ്ടനാർ കേളൻ തെയ്യം. തെയ്യത്തിന്റെ ബാല്യവേഷമാണ് വെള്ളാട്ടം.
അടിച്ചമർത്തലുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമുള്ള നാടിന്റെ ഉയർച്ചയും പുറത്തേക്ക് അറിയപ്പെടാതെ പോകുന്ന ഉൾനാടൻ സംസ്കാരങ്ങളും ഇല്ലായ്മക്കിടയിലെ താള മേള വാദ്യഘോഷങ്ങളുമെല്ലാം ഗാനത്തിന്റെ പ്രമേയമായി വരുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ നിന്നുള്ള രാജ്യത്തിന്റെ മോചനവും വരുംതലമുറയുടെ സ്വപ്നങ്ങളുമെല്ലാം ‘റൺ ഇറ്റ് ആപ്പി’ന്റെ വരികളിൽ കാണാൻ സാധിക്കും.

മർദാനി ഖേൽ എന്ന മഹാരാഷ്ട്രീയൻ ആയോധനകലയും, മണിപ്പൂരിൽ നിന്നുള്ള താങ്ത, പഞ്ചാബിൽ നിന്നുള്ള ഖഡ്ക എന്നിവയും റാപ്പ് സോങ്ങിന്റെ വിഡിയോയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഹനുമാൻ കൈൻഡിലൂടെ നാടിന്റെ ജീവനായ സാംസ്കാരിക പൈതൃകങ്ങൾ ലോകമറിയും എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.