ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ


ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ. 97-മത് അക്കാദമി അവാര്‍ഡിനായി നോമിനേഷന്‍ ലഭിച്ച അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗണാണ് ഓസ്‌കര്‍ ചടങ്ങില്‍ കേരളത്തിന്റെ അടയാളമായി മാറിയത്. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഡിസൈൻ ചെയ്ത കൈത്തറിയിൽ നെയ്ത വസ്ത്രം ആണ് താരം ധരിച്ചത്. ഇതിന് മുൻപും നിരവധി വേദികളിൽ താരങ്ങൾ പ്രാണയുടെ കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവുമെല്ലാം ഈ കാര്യം തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ കൈത്തറിക്കുള്ള വലിയ സാധ്യതകൾ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങൾ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.. ഫാഷൻ ഡിസൈനിങ്ങ് രംഗത്തുൾപ്പെടെ കേരളത്തിൽ വലിയ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം
ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയിൽ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് ഓസ്കാർ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
