ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി ; വിവാഹമോചനത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് ഗൗതമി നായർ

സെക്കന്റ് ഷോ എന്ന ചിത്രം മലയാള സിനിമക്ക് നൽകിയത് ഒരു പിടി പുതുമുഖങ്ങളെയാണ്.ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിങ്ങനെ നീളുന്നു പട്ടിക. അക്കൂട്ടത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ.
സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചു ഗൗതമി തുറന്ന് സംസാരിച്ചിരിക്കുകയാണ്.
പേഴ്സണൽ ലൈഫിൽ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേർപിരിഞ്ഞുവെന്നത് പലർക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാർത്തയായി വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകൾ പലതും പറഞ്ഞ് നടക്കും.
ഡിവോഴ്സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഞാൻ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. ഞങ്ങള്‍ കുറേ നോക്കി. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന്. എന്നാല്‍ അതിന് കോംപ്രമൈസ് ചെയ്യാന്‍ സാധിച്ചില്ല.
ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. കമ്യൂണിക്കേഷന്‍ ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചെന്നും ഗൗതമി നായർ പറയുന്നു.