4കെ ദൃശ്യവിസ്മയവുമായി ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു

gentleman

 തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. വരുന്ന ഡിസംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. 4K അൾട്രാ എച്ച്ഡി ദൃശ്യാനുഭവത്തോടും 7.1 സറൗണ്ട് സൗണ്ട് ശബ്ദമികവോടെയുമാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ ബ്രഹ്മാണ്ഡ സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ‘ആക്ഷൻ കിംഗ്’ അർജുൻ നായകനായ ചിത്രം അക്കാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളും മികച്ച ആക്ഷൻ രംഗങ്ങളും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേർന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ മധുബാല, വിനീത്, എം.എൻ. നമ്പ്യാർ, രാജൻ പി. ദേവ്, ചരൺ രാജ്, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയ പ്രമുഖ താരനിര തന്നെ അണിനിരന്നിരുന്നു. പ്രഭുദേവയും ഗൗതമിയും എത്തിയ ‘ചിക്കു പുക്കു റെയിലെ’ എന്ന ഗാനരംഗവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രത്തിന്റെ റീ റിലീസ് വിതരണം നിർവഹിക്കുന്നത്.

Tags