‘ഗൗരിയോ റീനയോ കിരണോ മതം മാറിയിട്ടില്ല’ ; ‘ലവ് ജിഹാദ്’ ആരോപണങ്ങളെ തള്ളി ആമിർ ഖാൻ
മുംബൈ : ഈ മാസം ആദ്യം നടന്ന തന്റെ വിവാഹത്തിന് പിന്നാലെ ഉയർന്ന ‘ലവ് ജിഹാദ്’ ആരോപണങ്ങളെ ശക്തമായി തള്ളി ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ വിവാഹങ്ങളിലൊന്നിലും മതപരിവർത്തനം നടന്നിട്ടില്ലെന്നും വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിദ്വേഷ പ്രചാരകർക്ക് ആമിർ വ്യക്തമായ മറുപടി നൽകിയത്.
ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിദ്വേഷപ്രചാരകർ തന്നെ വിശേഷിപ്പിച്ചതിനോട് കടുത്ത ഭാഷയിലാണ് താരം പ്രതികരിച്ചത്. “ഞങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര കുടുംബമാണ്. എന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. എന്റെ മകളും ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് ഒരു ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ യാഥാർത്ഥ്യം,” ആമിർ പറഞ്ഞു.
തന്റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരും ഇപ്പോൾ വിവാഹം കഴിച്ച ഗൗരി സ്പ്രാട്ടും സ്വന്തം മതം ഉപേക്ഷിച്ചിട്ടില്ലെന്ന് ആമിർ ഖാൻ ഓർമ്മിപ്പിച്ചു. സിവിൽ നിയമപ്രകാരമാണ് തങ്ങളുടെ വിവാഹങ്ങൾ നടന്നത്. പുതിയ പങ്കാളിയായ ഗൗരി ഹിന്ദു പോലുമല്ലെന്നും അവളൊരു ക്രിസ്ത്യാനിയാണെന്നും എന്നാൽ മതവിശ്വാസം അനുഷ്ഠിക്കാത്ത ആളാണെന്നും ആമിർ കൂട്ടിച്ചേർത്തു. കാലം മുന്നോട്ട് പോകുന്തോറും ജീവിതം കൂടുതൽ രസകരവും വിചിത്രവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും താരം പരിഹാസത്തോടെ പ്രതികരിച്ചു.
ദീർഘകാലത്തെ സൗഹൃദത്തിനൊടുവിൽ ജൂലൈ 5-നായിരുന്നു ആമിർ ഖാന്റെയും ഗൗരി സ്പ്രാട്ടിന്റെയും വിവാഹം. ബാന്ദ്രയിലെ വസതിയിൽ വെച്ച് നടന്ന ലളിതമായ രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആമിറിന്റെ മുൻഭാര്യമാരായ റീനയും കിരണും മക്കളുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻഭാര്യമാരുമായി ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആമിറിന്റെ പുതിയ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാം കൃത്യമായ മറുപടി നൽകിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ്.
.jpg)

