മൂന്ന് ദിവസം കൊണ്ട് ‘ഗാട്ട ഗുസ്തി 2’ നേടിയത് എത്രയെന്ന് അറിയാമോ ?
തിയേറ്ററുകളിൽ ചിരിയും ആക്ഷനും നിറച്ച് മുന്നേറുന്ന വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട ഗുസ്തി 2’ വിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് 19 കോടി രൂപയാണ് ചിത്രം ആഗോള ഗ്രോസ് കളക്ഷനായി വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 15.70 കോടി നേടിയ സിനിമ ഓവർസീസിൽ നിന്ന് 3.30 കോടിയും സ്വന്തമാക്കി. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് ഈ ചിത്രം. നടന്റെ കരിയർ ബെസ്റ്റ് ഹിറ്റായ ‘രാക്ഷസൻ’ എന്ന സിനിമയുടെ റെക്കോർഡിലേക്കാണ് ‘ഗാട്ട ഗുസ്തി 2’ ഇപ്പോൾ കുതിച്ചുയരുന്നത്. സെൻസർ ബോർഡിന്റെ ക്ലീൻ ‘U’ സർട്ടിഫിക്കറ്റോടെ എത്തിയ ഈ ഫാമിലി എന്റർടൈനർ കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചത് പ്രമുഖ വിതരണക്കാരായ E4 എന്റർടൈൻമെന്റാണ്.
സൂപ്പർ ഹിറ്റായ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, വീര, കീർത്തി (ഐശ്വര്യ ലക്ഷ്മി), അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. ഗുസ്തി എന്ന കായികവിനോദത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ, ഫാമിലി കോമഡി, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ഒരേപോലെ ആകർഷിക്കുന്ന ഘടകങ്ങളുള്ളതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ വർദ്ധിക്കുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.
.jpg)

