ആവേശം നിറച്ച് ‘ഗാട്ട ഗുസ്തി 2’ ട്രെയ്‌ലർ

gatta kusthi

 വിഷ്ണു വിശാലും മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയും തകർത്തഭിനയിച്ച് വമ്പൻ വിജയമായി മാറിയ ‘ഗാട്ട ഗുസ്തി’യുടെ രണ്ടാം ഭാഗം ജൂലൈ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഭാഗത്തെപ്പോലെ തന്നെ സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ മാസ്സ് കോമഡി എന്റർടൈനർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ E4 എന്റർടെയിൻമെന്റ്സ് ആണ്.

ചെല്ല അയ്യാവു തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ വീരയുടെയും കീർത്തിയുടെയും ഒപ്പം അവരുടെ മകളും എത്തുന്നതോടെ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് കഥാ പശ്ചാത്തലം. ആദ്യ ഭാഗത്തിൽ മലയാളി പെൺകുട്ടിയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ ഗുസ്തി പ്രകടനമായിരുന്നു പ്രധാന ഹൈലൈറ്റ് എങ്കിൽ ഇത്തവണ അതിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർക്കൊപ്പം രണ്ടാം ഭാഗത്തിൽ ലേഡി സൂപ്പർസ്റ്റാർ രമ്യാ കൃഷ്ണനും മോക്ഷയും പുതുതായി അണിനിരക്കുന്നുണ്ട്. കൂടാതെ യോഗി ബാബു, കരുണാകരൻ, മുനിസ്‌കാന്ത് തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റുകളാണ്.

Tags