ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് വീണ്ടും എത്തുന്നു
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് വീണ്ടും എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന റൺ മാമാ റൺ എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്വീൻ ഐ ലൻ്റ് എന്ന പാശ്ചാത്യ സംസ്ക്കാരമുള്ള ഒരു ദ്വീപിൽ നിരവധി പ്രശ്നങ്ങളും, ചില്ലറ തരികിട പരിപാടികളുമായി ജീവിക്കുന്ന എഡിസൺ എന്ന യുവാവിന്റേയും ,എഡിസൻ്റെ ജീവിതത്തിലേക്ക് എത്തുന്ന ഗബ്രിയും പിന്നിട് അവർ പ്രശ്നപരിഹാരത്തിനായി ഒരുപോലെ നടത്തുന്ന ശ്രമങ്ങളുടെയും അത്യന്തം രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരവുമാണ് ഈ ചിത്രം.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകൻ്റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയിൽ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിന് താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വർഗീസാണ്. സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസും ചേർന്ന് നർമ്മത്തിൻ്റെ തീപ്പൊരി പാറിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ബാബുരാജ്, ഇന്ദ്രൻസ്,ഷമ്മി തിലകൻ,, കോട്ടയം നസീർ, ഉണ്ണിരാജ, സുധീർ പറവൂർ, സാജൻ പള്ളുരുത്തി. ബോളിവുഡ് താരം പങ്കജ് ജാ,എന്നിവർക്കൊപ്പം ജനാർദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റോറി ലാബ് മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും.
ഗാനങ്ങൾ – ഹരി നാരായണൻ ,സുഹൈൽ കോയ,സംഗീതം – ഗോപി സുന്ദർ ,ഛായാഗ്രഹണം – കിരൺ കിഷോർ, എഡിറ്റിംഗ് -വി. സാജൻ,കലാ സംവിധാനം – ഷം ജിത്ത് രവി,കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ,മേക്കപ്പ് – റോണക്സ് സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ,പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ,ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും കൊൽക്കത്തയിലുമായി പൂർത്തിയാകും.
.jpg)


