കുരങ്ങിനൊപ്പമുള്ള വീഡിയോ ; നടൻ വിക്രമിന് വനം വകുപ്പിന്റെ നോട്ടീസ്

Forest Department issues notice to actor Vikram over video with a monkey.

 വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ താരത്തിന് തമിഴ്നാട് വനം വകുപ്പ് നോട്ടീസ് അയച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിൽ നിന്നും വാങ്ങിയ കുരങ്ങുകളാണിതെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലെത്തിച്ച ഈ കുരങ്ങുകളെ പിന്നീട് ഈഞ്ചമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് നടൻ കുരങ്ങിനൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തിയത്.

മണിപ്പൂരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണിതെന്ന വിശദീകരണമാണ് അധികൃതർക്ക് ലഭിച്ച മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അധികൃതർ ഈ കേന്ദ്രത്തിൽ നേരിട്ട് പരിശോധന നടത്തി. കൂടാതെ, മൃഗങ്ങളെ ഇവിടേക്ക് എത്തിച്ചതിന്റെ നിയമപരമായ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനോട് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

എന്നാൽ, ഉടമസ്ഥൻ പിന്നീട് ഹാജരാക്കിയ രേഖകളിൽ മണിപ്പൂരിലെ യഥാർത്ഥ ഉടമയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള നിർണായക രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നറിയാൻ വനം വകുപ്പിന്റെ അന്വേഷണം തുടരുകയാണ്. നിയമവിരുദ്ധമായി വന്യജീവികളെ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Tags