നല്ലതാണെങ്കിൽ ഓണക്കാലത്ത് മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷകരെ ലഭിക്കും ; പൃഥ്വിരാജ്

prithviraj

 മലയാള സിനിമയിൽ ഈ വർഷത്തെ ഓണക്കാലം സാക്ഷ്യം വഹിക്കാൻ പോകുന്നത് വമ്പൻ ബോക്സ് ഓഫീസ് ക്ലാഷിനാണ്. പൃഥ്വിരാജ് ചിത്രം ‘ഖലീഫ’, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, നിവിൻ പോളിയുടെ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നീ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇത്തവണ നേർക്കുനേർ പോരാടുന്നത്. ഈ വലിയ ഓണം ക്ലാഷിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ പൃഥ്വിരാജ്. തങ്ങൾ ഓണം റിലീസായി ഖലീഫ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റൊരു സിനിമയും ഓണത്തിന് പ്രഖ്യാപിച്ചിരുന്നില്ലെന്നും, സിനിമകൾ നല്ലതാണെങ്കിൽ ഓണക്കാലത്ത് മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷകരെ ലഭിക്കുമെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കി.

തങ്ങൾ ഒരു വർഷം മുൻപേ തന്നെ കൃത്യമായ റിലീസ് തീയതി നിശ്ചയിച്ചിരുന്നതായി പൃഥ്വിരാജ് വെളിപ്പെടുത്തി. “2025 ഒക്ടോബർ 15-നാണ് ‘ഖലീഫ’ 2026 ഓണത്തിന് റിലീസ് ചെയ്യുമെന്ന് ഞങ്ങൾ അനൗൺസ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് എന്തിനാണ് ഇപ്പോഴേ അനൗൺസ് ചെയ്യുന്നത് എന്നാണ്. ഓണത്തിന് ഓഗസ്റ്റ് 20-ന് റിലീസ് എന്ന കാര്യവും ഞങ്ങൾ തന്നെയാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഒന്നിൽ കൂടുതൽ സിനിമകൾ തിയേറ്ററിൽ വരുന്നത് ഒരു പ്രശ്നമല്ല. നല്ല സിനിമകൾ കാണാൻ പ്രേക്ഷകർ എപ്പോഴും ഉണ്ടാകും,” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘ഖലീഫ’യ്ക്ക് മറ്റൊരു വലിയ സർപ്രൈസ് കൂടിയുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായി സാക്ഷാൽ ലാലേട്ടൻ (മോഹൻലാൽ) നായകനായി എത്തും. ‘പോക്കിരിരാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ജിനു വി. എബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന ചേസിങ് രംഗങ്ങൾ കൊണ്ടും തിയേറ്ററുകളിൽ വൻ പൂരം തന്നെയൊരുക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Tags