'പ്രാവിൻകൂട് ഷാപ്പ്' ചിത്രം ഒ.ടി.ടിയിൽ റീലിസ് ചെയ്തു


ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ എത്തി. ബേസിലിനൊപ്പം സൗബിൻ ഷാഹിറും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രഖ്യാപിച്ചതിനേക്കാൾ ഒരു ദിവസം മുമ്പാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിലെത്തിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.
ഒരു ഷാപ്പിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരിക്കൽ ആ ഷാപ്പിൽ നടക്കുന്ന ഒരു അസാധാരണ സംഭവം ഷാപ്പിലുള്ളവരുടേയും ഷാപ്പിലെ പതിവുകാരുടേയും ജീവിതം കീഴ്‍മേൽ മറിക്കുകയാണ്. ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമിച്ചത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
