700 കോടി ചിത്രം ഒടിടി സ്‍ട്രീമിംഗിന്, റിലീസ് തിയ്യതി


ബോളിവുഡില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇടക്കാലത്ത് വൻ വിജയമാകാറില്ലായിരുന്നു. എന്നാല്‍ വിക്കി കൗശല്‍ നായകനായി വന്ന ഛാവ ആ നിരാശയെല്ലാം മാറ്റുന്ന തരത്തില്‍ വൻ വിജയമാകുന്ന കാഴ്‍ചയാണ് കണ്ടത്. വിക്കി കൗശലിന്റ ഛാവ നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയില്‍ എത്തുക. ഏപ്രില്‍ 11നായിരിക്കും ഛാവ സിനിമ ഒടിടിയില്‍ എത്തുക എന്ന് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ലക്ഷ്‍മണ്‍ ഉതേകറാണ് സംവിധാനം ചെയ്‍തത്. വിക്കി കൗശല്‍ നായകനായി വന്ന ചിത്രത്തില്‍ രശ്‍മിക മന്ദാന അക്ഷയ് ഖന്ന, ഡയാന പെന്റി, അഷുതോഷ് റാണ, ദിവ്യ ദത്ത, വരുണ്‍ ബുദ്ധദേവ്, സഞ്‍ജിത്, വിനീത് കുമാര്‍ സിംഗ്, സന്തോഷ്, പ്രദീപ് രാവത്, സഞ്‍ജീവ് ജയ്‍സ്വാള്‍ എന്നിവരും ഉണ്ടായിരുന്നു. സൗരഭ് ഗോസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എ ആര്‍ റഹ്‍മാനാണ് സംഗീതം.

ബോളിവുഡിനെ കരകയറ്റുന്ന പ്രകടനമാണ് ഛാവ തിയറ്ററില്‍ കാഴ്‍ചവച്ചത്. വിക്കി കൗശലിന്റെ ഛാവ 790 കോടിയില്‍ അധികം നേടിയിട്ടുണ്ട്. ആദ്യദിനം ആഗോളതലത്തിൽ 50.05 കോടി ഗ്രോസ് ആയിരുന്നു ഛാവ നേടിയത്. ഒന്നാം ദിനത്തിൽ നിന്നും കൂടുതൽ കളക്ഷനാണ് ഒൻപതാം ദിനം ചിത്രം നേടിയത്. 59.03 കോടിയാണ് ഒൻപതാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ ആകെ ആഗോളതലത്തില്‍ 790.14 കോടിയാണ് ഛാവ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ അജയ് ദേവഗൺ ചിത്രം സിങ്കം എഗെയ്ൻ എന്ന ചിത്രത്തെ ഛാവ മറികടന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആകെ കളക്ഷൻ.