‘വീട്ടുകാരോട് ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട്’; മമ്മൂട്ടി
സിനിമയിലേക്കുള്ള തന്റെ തുടക്കകാലത്തെ കഠിനാധ്വാനത്തെയും മോഹങ്ങളെയും കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ എങ്ങനെയെങ്കിലും ഒന്ന് കയറിപ്പറ്റുക എന്ന ആഗ്രഹത്തിൽ, എന്റെ വീട്ടിലുള്ളവർ ഒഴികെ ബാക്കി എല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി വെളിപ്പെടുത്തി. തന്റെ സീനിയർ ആയി പഠിച്ചിരുന്ന പവിത്രൻ വഴി സിനിമയിൽ അവസരം ലഭിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം ഓർത്തെടുത്തു. സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലങ്ങളിൽ കുതിരപ്പുറത്ത് വന്ന് വില്ലന്മാരെ ഇടിച്ചിടുന്ന നായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും തുടങ്ങിയതോടെ അത്തരം ചിന്തകൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പാരലൽ സിനിമകൾ, ന്യൂ വേവ് സിനിമകൾ, ആധുനിക സിനിമകൾ എന്നിവയുടെ ഭാഗമാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ഭരതൻ, പത്മരാജൻ, മോഹൻ തുടങ്ങിയവരുടെ കൊമേഴ്‌സ്യൽ അല്ലാത്ത സിനിമകളിൽ അഭിനയിക്കാൻ താൻ ഒരുപാട് കൊതിച്ചിരുന്നു. ഇത്തരം സിനിമകൾ 100 ദിവസം ഓടുന്ന ഹിറ്റുകളോ വലിയ വരുമാനം നൽകുന്നവയോ ആയിരുന്നില്ലെങ്കിലും, തന്റെ ആഗ്രഹങ്ങൾക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. ടി.വി. ചന്ദ്രനെപ്പോലെയുള്ള വിപ്ലവകാരികളായ സംവിധായകരുടെ സിനിമകളോടുള്ള തന്റെ ആരാധനയെക്കുറിച്ചും, അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരുന്ന വിദ്യാർത്ഥിക്കാലത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ചന്ദ്രനെപ്പോലൊരു സംവിധായകന്റെ സിനിമയിലേക്കുള്ള ക്ഷണം നിരസിക്കാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
.jpg)


