മഹേഷ് ബാബുവിന്റെ മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം; താക്കീതുമായി കുടുംബം
തെലുങ്കു താരം മഹേഷ് ബാബുവിന്റെ മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. മകള്‍ സിതാരയുടെ പേരിലാണ് വ്യജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുണ്ടെന്ന പരാതി പൊലീസിന് നല്‍കിയിരിക്കുകയാണ് താരത്തിന്റെ കുടുംബം. ഇന്‍സ്റ്റാഗ്രാമിലൂടെ മഹേഷ്ബാബുവിന്റെ ഭാര്യ നമ്രതയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിന്റെ ടീമിന്റെ ഔദ്യോഗിക പ്രസ്താവന പങ്കുവെക്കുകയും ആള്‍മാറാട്ടത്തിന് കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. 'ശ്രദ്ധിക്കുക @sitaraghattamaneni എന്നതാണ് മകളുടെ അക്കൗണ്ട്. പരിശോധിച്ചുറപ്പിച്ചതല്ലാതെ മറ്റേതെങ്കിലും ഹാന്‍ഡില്‍ വിശ്വസിക്കാന്‍ പാടില്ല. സിതാരയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചയാളെ പിടികൂടാന്‍ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.
ഗുണ്ടൂര്‍ കാരം എന്ന ചിത്രത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. ആര്‍ആര്‍ആര്‍ ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സാഹസിക ത്രില്ലറായിരിക്കും കഥയെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒരു പാന്‍ഇന്ത്യ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.