'എമ്പുരാൻ' റിലീസ് 27 ന് തന്നെ; ​ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞ് മോഹൻലാൽ

'Empuran' to release on 27th; Mohanlal thanks Gokulam Gopalan
'Empuran' to release on 27th; Mohanlal thanks Gokulam Gopalan

 ആരാധകർ  ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 ന് തന്നെ ആഗോള റിലീസായെത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് . 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. എമ്പുരാൻ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശ്രീ​ഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാ​ഗമായതിന് പിന്നാലെ ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

Tags

News Hub