വിജയ് ദേവരകൊണ്ടയെ ഞെട്ടിച്ച് ദുൽഖറിന്റെ പ്രാങ്ക് വീഡിയോ; വൈറലായി നടന്റെ മറുപടി

 Dulquer's prank video shocks Vijay Deverakonda; Actor's reply goes viral

ഹൈദരാബാദ്: ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര'യുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുട്ടികൾക്കൊപ്പമിരുന്ന് ദുൽഖർ സൽമാൻ നടത്തിയ ഒരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫോണിൽ നിന്നും തങ്ങൾക്കായി പ്രാങ്ക് ചെയ്യാൻ ഒരാളെ തിരഞ്ഞെടുക്കാൻ കുട്ടികൾ ദുൽഖറിനോട് ആവശ്യപ്പെടുകയും, ഉടൻ തന്നെ ഫോണെടുത്ത് താരം തന്റെ പ്രിയ സുഹൃത്തായ വിജയ് ദേവരകൊണ്ടയെ വിളിക്കുകയുമായിരുന്നു. കോൺഫറൻസ് കോളിൽ വിജയ്‌യെ വിളിച്ചതുകണ്ട് കുട്ടികൾ ആദ്യം ഞെട്ടിപ്പോയി. ഫോൺ എടുത്ത ഉടൻ തന്നെ 'ഡിക്യു വാട്സാപ്പ്' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. തുടർന്ന് റോഡിൽ നിന്നും ഈ ഫോൺ കളഞ്ഞുകിട്ടിയതാണെന്നും എമർജൻസി കോണ്ടാക്ടിൽ ഈ നമ്പർ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും ഒരു പെൺകുട്ടി വിജയോട് പറഞ്ഞു.

ദുൽഖറിന് യഥാർത്ഥത്തിൽ ഫോൺ നഷ്ടപ്പെട്ടുപോയെന്നാണ് വിജയ് ദേവരകൊണ്ടയും വിചാരിച്ചത്. താൻ പറയുന്നൊരു നമ്പറിൽ ഫോൺ എത്തിച്ചു കൊടുക്കാനും താരം കുട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുടെ സംഭാഷണം ഗൗരവത്തിലെടുത്ത വിജയ് സംസാരിച്ചു കഴിഞ്ഞയുടൻ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ദുൽഖർ തന്നെ വിജയ് ദേവരകൊണ്ടയെ തിരിച്ചുവിളിച്ച് ഇതൊരു പ്രാങ്ക് ആണെന്ന് വ്യക്തമാക്കുകയായിരുന്നു. വിജയ് ഇപ്പോൾ അവധിയാഘോഷിക്കാൻ ജപ്പാനിലാണെന്നും ദുൽഖർ പറയുന്നുണ്ട്.

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര' നവംബർ 20-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ നടി ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Tags