ദുൽഖർ സൽമാന്റെ ‘ആകാശത്തിൽ ഒരു താരകം (AOT)’ നവംബർ 20ന് എത്തും

Dulquer Salmaan’s ‘Aakashathil Oru Tharakam (AOT)’ will arrive on November 20.

 ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ അല്ലു അർജുനാണ് ട്രെയിലർ പ്രകാശനം ചെയ്തത്. ദുൽഖർ സൽമാൻ, നായിക സാത്വിക വീരവല്ലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

പ്രണയവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. കല്പനയായി പുതുമുഖ താരം സാത്വിക വീരവല്ലിയും രോഹിണി എന്ന ശക്തമായ കഥാപാത്രമായി ശ്രുതി ഹാസനും അഭിനയിക്കുന്നു. സമൂഹം മുന്നിൽവെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയാകുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ട്രെയിലറിന്റെ പ്രധാന ആകർഷണമാണ്. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. വേഫെറർ ഫിലിംസ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗുന്നം ഗംഗരാജുവാണ്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധ നേടിയ ദുൽഖറിന്റെ പുതിയ തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും AOTയ്ക്കുണ്ട്.

Tags