ദുൽഖറിന്റെ ‘ഐ ആം ഗെയിം’ ചിത്രീകരണം പൂർത്തിയായി
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ “ഐ ആം ഗെയിം”ചിത്രീകരണം പൂർത്തിയായി. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഒരുക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ നാല്പതാമത്തെ സിനിമയാണ്. 11 മാസങ്ങളിലായി 156 ദിവസം നീണ്ടുനിന്ന ചിത്രീകരണം തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് പൂർത്തിയായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത്.
സ്റ്റൈലിഷ് മാസ് ലുക്കിൽ ദുൽഖർ എത്തുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആവേശം നിറയ്ക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് വലിയ കരുത്താകും.
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന “ഐ ആം ഗെയിം” 2026 ഓണം റിലീസായാണ് തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ചമൻ ചാക്കോ എഡിറ്റിംഗും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കുള്ള സിനിമയായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്.
.jpg)

