തിയേറ്ററുകളിൽ മികച്ച മുന്നേറ്റവുമായി ‘ദൃഢം’
ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന മാർട്ടിൻ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ‘ദൃഢം’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. ജീത്തു ജോസഫും ഇ 4 എക്സ്പെരിമെന്റ്സും ചേർന്ന് അവതരിപ്പിച്ച ഈ മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം മെയ് എട്ടിനാണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിലടക്കം പ്രേക്ഷകരിൽ നിന്നും മികച്ച പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ ഇപ്പോൾ ട്രാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്.
റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം കേരളത്തിൽ നിന്ന് മാത്രം 3.76 കോടി മുതൽ 3.88 കോടി രൂപ വരെയാണ് സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്നാകട്ടെ ഇതേ കാലയളവിൽ 6.80 കോടി രൂപയും ചിത്രം നേടിക്കഴിഞ്ഞു. ഒരു സാധാരണ പൊലീസുകാരൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ കടന്നുപോകുന്ന കഠിനമായ യാഥാർത്ഥ്യങ്ങളെയും മാനസിക സമ്മർദ്ദങ്ങളെയും വളരെ തന്മയത്വത്തോടെയാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നീ സിനിമകൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും ഒരു പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. കുഴിനിലം എന്ന നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്ന എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിച്ചിരിക്കുന്നത്. വൻ മാസ് പ്രകടനങ്ങൾ നടത്തുന്ന ഒരു സൂപ്പർ ഹീറോ കോപ്പിന് പകരമായി, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ശ്രമിക്കുന്ന, ജോലിയിലെ തുടക്കക്കാരനായ ഒരു സാധാരണ പൊലീസുകാരന്റെ മാറ്റങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഏറെ കയ്യടക്കത്തോടെയുള്ള ഷെയ്ൻ നിഗത്തിന്റെ പ്രകടനം തിയേറ്ററുകളിൽ വലിയ പ്രശംസയാണ് നേടുന്നത്.
.jpg)

