യുകെയിൽ 'ദൃശ്യം 3' തരംഗം : റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

'Drishyam 3' wave in UK: RFT Films starts advance bookings four weeks before release

 മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. യുകെയിലെ പ്രശസ്തമായ തിയേറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് ഓപ്പൺ ചെയ്യുന്നത് ഇതാദ്യമായാണ്.
 
2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും 'ദൃശ്യം 3'.

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ തങ്ങളുടെ മുൻവേഷങ്ങൾ ഈ മൂന്നാം ഭാഗത്തിലും വീണ്ടും അവതരിപ്പിക്കുന്നു. ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോൾ അവരെ സ്വീകരിക്കാൻ യുകെയിലെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങൾക്ക് നാലര വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ ബുക്കിംഗ് ലഭ്യമാകുമെന്ന് വിതരണക്കാർ അറിയിച്ചു.

Tags