ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം3 ട്രെയിലർ ഇന്നെത്തും
തിരുവനന്തപുരം : ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'ദൃശ്യം 3' ലൂടെ ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് (മെയ് 9) വൈകുന്നേരം പുറത്തിറങ്ങും. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
മെയ് 21ന് രാവിലെ 8 മണിക്ക് ചിത്രത്തിന്റെ ആദ്യ ഷോകൾ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക അപ്ഡേറ്റുകൾ പുറത്തുവരും. വിദേശ വിപണികളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകളുടെ വിതരണവും പുരോഗമിക്കുകയാണ്.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലുണ്ടാകുന്ന പുതിയ പ്രതിസന്ധികളും അവയെ മറികടക്കാനുള്ള പോരാട്ടവുമാണ് മൂന്നാം ഭാഗത്തിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിർവാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസൻ,മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിനായകാണ്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ 'ദൃശ്യം' 2013ലാണ് റിലീസ് ചെയ്തത്. 75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷൻ. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
.jpg)

