റെക്കോര്‍ഡുകളുമായി ദൃശ്യം 3 പ്രേക്ഷകരിലേക്ക്
ആഗോളതലത്തില്‍ സിനിമയുടെ 100 ല്‍ അധികം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തുകഴിഞ്ഞു എന്നാണ് വിവരം.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 21 ന് പുറത്തിറങ്ങും. സിനിമയ്ക്കായി വമ്പന്‍ വരവേല്‍പ്പാണ് മോഹന്‍ലാല്‍ ആരാധകര്‍ ഒരുക്കുന്നത്.
ഇതുവരെ ആഗോളതലത്തില്‍ സിനിമയുടെ 100 ല്‍ അധികം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തുകഴിഞ്ഞു എന്നാണ് വിവരം. തിരുവനന്തപുരത്ത് മാത്രം ദൃശ്യം 3 യുടെ പത്തില്‍ അധികം സ്‌പെഷ്യല്‍ ഷോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സെന്‍സറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. യു എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ജ്കുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
ആകെമൊത്തത്തില്‍ ഒരു നിഗൂഢത നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.
.jpg)

