ഞെട്ടിച്ച് ‘ദൃശ്യം 3’ പ്രീ-സെയിൽ കണക്ക്
മലയാള സിനിമയുടെ ചരിത്രതാളുകൾ തിരുത്തിക്കുറിക്കാൻ ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തിയിരിക്കുന്നു. മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് (മെയ് 21) തിയേറ്ററുകളിലെത്തിയ ‘ദൃശ്യം 3’, റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ തകർത്തെറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീ-സെയിൽ കണക്കുകൾ പുറത്തുവരുമ്പോൾ മോളിവുഡ് ഇതുവരെ കാണാത്ത മുന്നേറ്റമാണ് ദൃശ്യം 3 കാഴ്ചവെക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേൾഡ് പ്രീ സെയിൽ മാത്രം 35 കോടി കവിഞ്ഞുവെന്നാണ് സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രം 8.40 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 4.3 കോടിയും വിദേശത്ത് നിന്ന് 22.30 കോടിയും ആദ്യ ദിനത്തെ പ്രീ സെയിൽ കളക്ഷനായി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് ബുക്കിംഗ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ഏപ്രിലിൽ നിന്നും മാറ്റിവെച്ച ചിത്രം ലാലേട്ടന്റെ പിറന്നാൾ സമ്മാനമായാണ് ഇന്ന് എത്തിയത്. നാലാം ക്ലാസ്സുകാരന്റെ ബുദ്ധിശക്തിയിൽ ജോർജുകുട്ടി വീണ്ടും നിയമത്തെ തോൽപ്പിക്കുമോ അതോ ഇത്തവണ കുടുങ്ങുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ട്രെയിലറിലെ സൂചനകൾ പ്രകാരം ഇത്തവണ ജോർജുകുട്ടി അല്പം ഭയത്തിലും വൈകാരികമായ സാഹചര്യങ്ങളിലുമാണ് ഉള്ളത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് പുറത്തിറങ്ങും. യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരിക്കുന്നത്.
.jpg)

