പുതിയ റെക്കോർഡ് ഇട്ട് ‘ദൃശ്യം 3’
റിലീസ് ചെയ്ത് വെറും 7 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ച ‘ദൃശ്യം 3’ ബോക്‌സ് ഓഫീസിൽ കൗതുകകരമായ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’യിൽ മാത്രം ചിത്രം ഇതിനകം 33,33,333 ടിക്കറ്റുകളുടെ വില്പനയാണ് പൂർത്തിയാക്കിയത്. നിർമ്മാതാക്കളാണ് ഈ അപൂർവ്വ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്.
മലയാള സിനിമയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ഒരേസമയമാണ് തിയേറ്ററുകളിൽ എത്തിയത്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിലും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ വാരം കൊണ്ടുതന്നെ ചിത്രം 200 കോടി ക്ലബിൽ ഇടം നേടി. രണ്ടാം വാരത്തിലേക്ക് കടന്നിട്ടും മണിക്കൂറിൽ 8,500-ലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിക്കപ്പെടുന്നത്. രണ്ടാം വാരത്തിലും കേരളത്തിൽ മാത്രം 500-ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
ജോർജുകുട്ടിയും കുടുംബവും നേരിടുന്ന പുതിയ പ്രതിസന്ധികളും അതിനെ മറികടക്കാനുള്ള ജോർജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങളുമാണ് മൂന്നാം ഭാഗത്തിലും ജീത്തു ജോസഫ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വൻ വിപണിമൂല്യം കണക്കിലെടുത്ത് ബോളിവുഡിലെ വമ്പൻ സ്റ്റുഡിയോകളായ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും (100 കോടി നിക്ഷേപത്തോടെ) ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായിട്ടുണ്ട്.
.jpg)

