‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ തിയേറ്ററുകളിലെത്തി

Fahadh's 'Don't Trouble the Trouble' is coming.

 ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ഫാന്റസി ഫാമിലി എന്റർടെയ്‌നർ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഇന്ന് ഔദ്യോഗികമായി തിയേറ്ററുകളിലെത്തി. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ഒരേസമയം റിലീസ് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ ഉൾപ്പെടെയുള്ള വിസ്മയങ്ങൾ സമ്മാനിച്ച ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൽ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

പതിവ് അഭിനയശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഒപ്പം ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. റിലീസിോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

കാലഭൈരവയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്. എസ്. എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി കോ-റൈറ്റിംഗും നിർവഹിച്ച ചിത്രത്തിന് ബാലാജി സുബ്രഹ്മണ്യമാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സുധൻ കൊറിയോഗ്രാഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പിആർഒ ചുമതല പ്രതീഷ് ശേഖറാണ്.

Tags