സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു

google news
viswanath
ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം

വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്-92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കുസിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണിദ്ദേഹം.

1930 ഫെബ്രുവരി 19-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കെ. വിശ്വനാഥ് ജനിച്ചത്. ഗുണ്ടൂർ ഹിന്ദു കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ചു, കൂടാതെ ആന്ധ്രാ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎസ്‌സി ബിരുദവും നേടി. മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.

 1951ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹ സംവിധായകനായി അരങ്ങറ്റം കുറിച്ചു. 1965ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി. സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.  

Tags