ബോംബ് ഭീഷണികളും നിയന്ത്രണങ്ങളും മറികടന്ന് ഇൻഡോറിൽ സംഗീതനിശ അവതരിപ്പിച്ച് ദിൽജിത് ദൊസാഞ്ജ്
പഞ്ചാബി ഗായകൻ ദിൽജിത് ദൊസാഞ്ജ് ബോംബ് ഭീഷണികളും നിയന്ത്രണങ്ങളും മറികടന്ന് ഇൻഡോറിൽ സംഗീതനിശ അവതരിപ്പിച്ചു. പരിപാടി തടയാൻ ശ്രമിച്ചവർക്ക് പ്രശസ്ത ഉർദു കവി റാഹത്ത് ഇൻഡോറിയുടെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം മറുപടി നൽകിയത്. ‘ജയ് ശ്രീ മഹാകാൽ’ വിളികളോടെയാണ് ദിൽജിത് പരിപാടിക്ക് തുടക്കമിട്ടത്. ആരാധകർക്ക് നൽകിയ വാക്ക് പാലിക്കുന്നതിൽനിന്ന് പിന്നോട്ട് പോകില്ലെന്നും, മഹാകാലിന്റെ മണ്ണായ ഇവിടേക്ക് വരുന്നതിൽനിന്ന് ആർക്കും തങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം സദസിനോട് വ്യക്തമാക്കി.
താൻ ഇൻഡോറിലേക്ക് എത്താതിരിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ ആരാധകർക്കുവേണ്ടി താൻ എത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, “എതിർക്കുന്നവർ എതിർക്കട്ടെ, ജീവനൊന്നും പോകില്ലല്ലോ… ഇവിടുത്തെ മണ്ണിൽ എല്ലാവരുടെയും ചോര കലർന്നിട്ടുണ്ട്. ഹിന്ദുസ്ഥാൻ ആരുടെയും പിതാവിന്റെ സ്വത്തല്ല,” എന്നർത്ഥം വരുന്ന റാഹത്ത് ഇൻഡോറിയുടെ പ്രശസ്തമായ വരികൾ ആലപിച്ചുകൊണ്ടാണ് വിമർശകർക്ക് അദ്ദേഹം ചുട്ട മറുപടി നൽകിയത്.
പരിപാടിക്കിടെ ഇൻഡോർ മേയറുടെ ഓഫീസിലേക്കും വിവിധ ബാങ്കുകളിലേക്കും സ്വകാര്യ സ്കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നുവെങ്കിലും, പോലീസ് നടത്തിയ അന്വേഷണത്തിൽ അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വനിതാ-ശിശുവികസന വകുപ്പിന്റെ എതിർപ്പുകളെയും ഹൈക്കോടതി നിർദേശങ്ങളെയും തുടർന്ന് ‘പട്യാല പെഗ്’, ‘ഫൈവ് താര’, ‘കേസ്’, ‘ജട്ട് ഉത്തെ ഫയർ കർദാ’ തുടങ്ങിയ നാല് ഗാനങ്ങൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഡിലൈറ്റ് ദസ്തൂർ ഗ്രൗണ്ടിൽ മുന്നൂറിലധികം പോലീസുകാരെയും ആയിരത്തിലധികം വോളന്റിയർമാരെയും കൂടാതെ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിന്റെയും കനത്ത സുരക്ഷയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദിൽജിത്തിന്റെ ‘ഓറ ഇന്ത്യ ടൂർ 2026’-ന്റെ ഭാഗമാണ് ഈ സംഗീതനിശ. ഡിസംബർ 20 വരെ താൻ ഇന്ത്യയിലുണ്ടാകുമെന്നും നിശ്ചയിച്ച എല്ലാ പരിപാടികളും പൂർത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി.
.jpg)

