‘ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച സിനിമയെയും മാധ്യമപ്രവർത്തനത്തെയും കൂടുതൽ ജനകീയമാക്കി’ : ചിദംബരം
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച സിനിമയെയും മാധ്യമപ്രവർത്തനത്തെയും കൂടുതൽ ജനകീയമാക്കിയതായി സംവിധായകൻ ചിദംബരം. സിനിമയും മാധ്യമങ്ങളും ഏതാനും ചിലരുടെ മാത്രം കുത്തകയല്ലെന്നും, എല്ലാവർക്കും അതിൽ ഇടംനേടാൻ അവകാശമുണ്ടെന്നും ചിദംബരം പറയുന്നു. മാധ്യമം വാർഷികപ്പതിപ്പിലാണ് സംവിധായകൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമ നിർമാണത്തെ സാധാരണക്കാരിലേക്കും എത്തിച്ചിരിക്കുന്നു. ഇന്ന് ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പോലും മനോഹരമായ സിനിമകൾ ചിത്രീകരിക്കുന്ന കാലമാണ്. സിനിമ എന്നത് കുറച്ചുപേരുടെ മാത്രം കുത്തകയാണെന്ന ധാരണ തെറ്റാണെന്നും, വേറെയാർക്കും സിനിമ ചെയ്യാൻ പാടില്ല എന്ന് പറയാൻ ആർക്കും കഴിയില്ലെന്നും ചിദംബരം വ്യക്തമാക്കുന്നു. എല്ലാവർക്കും സിനിമ ചെയ്യാൻ അവസരമുണ്ടാകണം. എന്നാൽ, ആ സിനിമയെ പ്രേക്ഷകർ ഏതുരീതിയിൽ സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം അടുത്തഘട്ടങ്ങൾ തീരുമാനിക്കേണ്ടത്.
മലയാളികളെ സംബന്ധിച്ച് സിനിമയെന്നത് ഭൂരിഭാഗം പേരുടെയും ഒരു വിദൂര സ്വപ്നമാണ്. ഏതെങ്കിലും തരത്തിൽ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ വലിയൊരു വിഭാഗം. മലയാള സിനിമയിൽ മാത്രം കാണുന്ന പുതിയ നിർമാതാക്കളുടെ കടന്നുവരവ് ഇതിന് വലിയൊരു ഉദാഹരണമാണ്.
പ്രവാസ ജീവിതത്തിലെ വിജയങ്ങൾക്കൊപ്പം കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സിനിമയിൽ നിക്ഷേപിക്കാൻ മലയാളികൾ വലിയ തോതിൽ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, പലവിധ കാരണങ്ങൾ കൊണ്ട് ആദ്യ സിനിമ പരാജയപ്പെട്ടാൽ ഈ രംഗത്തുനിന്ന് പിന്മാറുന്നവരും, വിജയം കണ്ടാൽ തുടർന്നും സിനിമ ചെയ്യുന്നവരും ഇതിന്റെ ഭാഗമാണ്.
നാലു കൂട്ടുകാർ ഒന്നിച്ചുകൂടി ഒരു ഷോർട്ട് ഫിലിം നിർമിക്കുമ്പോൾ, അതിനു ലഭിക്കുന്ന സ്വീകാര്യതയാണ് ആ കൂട്ടുകാരുടെ പിൽക്കാല സിനിമാ പ്രവർത്തനങ്ങളെ നിർണ്ണയിക്കുന്നത്. പാരമ്പര്യ സിനിമകളുടെ കെട്ടുപാടുകളിൽ ഒതുങ്ങാതെ, കേവലം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവിട്ട് നിർമിക്കുന്ന എത്രയോ സിനിമകൾ ഇന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പോലും ഇത്തരം ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.
സിനിമക്കൊപ്പം തന്നെ മാധ്യമരംഗത്തും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്ന് എല്ലാ മാധ്യമങ്ങളും പൂർണ്ണമായും ജനകീയമായിക്കഴിഞ്ഞു. ജേർണലിസ്റ്റുകളും വോഗർമാരും തമ്മിലുള്ള അതിരുകൾ കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാമറ കൈയിലുള്ള ആർക്കും ജേർണലിസ്റ്റിക് അധികാരത്തോടെ ദൃശ്യങ്ങളും വാർത്തകളും പകർന്നുനൽകാൻ സാധിക്കുന്ന ഒരു പുതിയ കാലഘട്ടത്തിലേക്കാണ് മാധ്യമലോകം എത്തിച്ചേർന്നിരിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
.jpg)

