'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ചിത്രം മെയ് 23 ന് പ്രദർശനത്തിന് എത്തും


ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻറെ റിലീസ് തീയതിയിൽ മാറ്റം. മെയ് 16 ന് ചിത്രം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും ഒരാഴ്ച വൈകിയുള്ള റിലീസ് തീയതിയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23 ആണ് പുതുക്കിയ റിലീസ് തീയതി.
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് രാഹുൽ ജി, ഇന്ദ്രനീൽ ജി കെ എന്നിവർ ചേർന്നാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. സിജു വിൽസൻ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായർ എന്നിവരും അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. പട്ടാമ്പി, ഷൊർണൂർ, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.