ഇൻസ്റ്റയിൽ ഇനി കമന്റ് കഷ്ടപ്പെട്ട് ഡിലീറ്റ് ചെയ്യണ്ട ; പുതിയ ഫീച്ചർ

Instagram

ഇൻസ്റ്റാഗ്രാമിൽ ഇനി കമന്റ് ചെയ്യുമ്പോൾ അക്ഷരത്തെറ്റുകളെക്കുറിച്ചോ തെറ്റായ ഇമോജികളെക്കുറിച്ചോ ഓർത്ത് വേവലാതിപ്പെടേണ്ടതില്ല. ഒരു പോസ്റ്റിന് താഴെ നൽകിയ കമന്റിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെന്നുണ്ടെങ്കിൽ, അത് ഡിലീറ്റ് ചെയ്യുന്നതിന് പകരം ഇനി ലളിതമായി 'എഡിറ്റ്' ചെയ്യാൻ സാധിക്കും.

വ്യാഴാഴ്ചയാണ് ഇൻസ്റ്റാ​ഗ്രാമിലെ പുതിയ ഫീച്ചർ മെറ്റ പ്രഖ്യാപിച്ചത്. കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ മാത്രമേ അത് എഡിറ്റ് ചെയ്യാൻ സാധിക്കൂ. ഈ നിശ്ചിത സമയത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും തിരുത്തലുകൾ വരുത്താവുന്നതാണ്.

കമന്റ് ഇട്ടുകഴിഞ്ഞാൽ അതിൽ തന്നെ "എഡിറ്റ്" എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം ബ്ലൂ ചെക്ക് മാർക്കിൽ ക്ലിക്ക് ചെയ്താൽ പരിഷ്കരിച്ച കമന്റ് പബ്ലിഷ് ആകും.

നിങ്ങൾ ഒരു കമന്റ് എഡിറ്റ് ചെയ്താൽ, അത് തിരുത്തിയതാണെന്ന് മറ്റുള്ളവർക്ക് കാണാൻ സാധിക്കും. എന്നാൽ പഴയ കമന്റ് എന്തായിരുന്നു എന്ന് കാണാൻ കഴിയില്ല.

കമന്റിൽ ചിത്രവും എഴുത്തും ഉണ്ടെങ്കിൽ, എഴുത്ത് മാത്രമേ തിരുത്താൻ സാധിക്കൂ.ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലും ഇൻസ്റ്റാഗ്രാം റീൽസിലും ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ വെബ് പതിപ്പിൽ നിലവിൽ ഇത് ലഭ്യമല്ല.കമന്റ് പൂർണ്ണമായും നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ, അത് ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്താൽ ഡിലീറ്റ് ഓപ്ഷൻ ലഭിക്കും. നിങ്ങളുടെ പോസ്റ്റുകളിൽ മറ്റുള്ളവർ ഇടുന്ന കമന്റുകളും നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇൻസ്റ്റാഗ്രാം നിരവധി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ പല പ്രീമിയം ഫീച്ചറുകളും പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ വഴി നൽകാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ആഴ്ചയിൽ ഒരു സ്റ്റോറി ഹൈലൈറ്റ് ചെയ്യുക, വ്യൂവർ ലിസ്റ്റിൽ വരാതെ സ്റ്റോറികൾ കാണുക, സ്റ്റോറികളുടെ കാലാവധി 24 മണിക്കൂർ കൂടി നീട്ടുക തുടങ്ങിയ ഫീച്ചറുകൾ നിലവിൽ വിദേശ വിപണികളിൽ പരീക്ഷണഘട്ടത്തിലാണ്.

Tags