സോഷ്യൽ മീഡിയയിൽ വൈറലായി വിദ്യാബാലന്റെ ‘ഡീപ് ഫേക്ക്’ വീഡിയോ; മുന്നറിയിപ്പുമായി താരം


വാട്ട്‌സ്ആപ്പിലും മാറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന എഐ-ജനറേറ്റഡ് വീഡിയോകളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകി വിദ്യ ബാലൻ . പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്നും അതിൽ പറയുന്ന ഒന്നിലും തനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്നും വിദ്യാബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി.
“ഹായ്, ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വിദ്യാബാലനാണ്,” എന്ന് വിദ്യാ ബാലൻ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വ്യാജ വീഡിയോ ക്ലിപ്പും താരം പോസ്റ്റിനൊപ്പം പങ്കിട്ടു. വീഡിയോയിൽ ഒരു വലിയ ‘സ്കാം അലേർട്ട്’ സ്റ്റാമ്പും പതിച്ചിരുന്നു. വീഡിയോയിലെ താരത്തിന്റെ ചുണ്ടുകളുടെ ചലനങ്ങൾ ശ്രദ്ദിക്കുന്നവർക്ക് ഇത് വ്യാജമാണെന്ന് കണ്ടെത്താനാകും.
“ഇതിന്റെ സൃഷ്ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല, അതിന്റെ ഉള്ളടക്കത്തെ ഒരു തരത്തിലും ഞാൻ പിന്തുണയ്‌ക്കുന്നില്ല. വീഡിയോകളിൽ ഉന്നയിക്കുന്ന ഏതെങ്കിലും അവകാശവാദങ്ങൾ എന്റെ പേരിൽ ആരോപിക്കരുത്. കാരണം അവ എന്റെ കാഴ്ചപ്പാടുകളെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല. വീഡിയോ പങ്കിടുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന AI- സൃഷ്ടിച്ച ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”വിദ്യ കുറിച്ചു.
