ഡാൻസാഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

DANSAF

ഷൈൻ ടോം ചാക്കോയെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ആക്ഷൻ ചിത്രം ‘ഡാൻസാഫി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൊപ്പി ധരിച്ച് മുഖം കുനിച്ചുനിന്ന് പിസ്റ്റളുമായി നിൽക്കുന്ന ഷൈൻ ടോം ചാക്കോയുടെ മാസ് ലുക്കിലുള്ള പോസ്റ്റർ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു മാസ് എന്റർടൈനറാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

കേരള സർക്കാർ ലഹരി വിരുദ്ധ പോരാട്ടത്തിനായി രൂപം കൊടുത്ത ഡാൻസാഫ് വിഭാഗത്തിന്റെ ടീം ക്യാപ്റ്റന്റെ വേഷത്തിലാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. എൻ.വി.പി. ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഋഷി ഹരിദാസ്, ജിതിൻ രാജ് സി. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സെയ്‌ദ് അബ്ബാസ് സംഗീതവും എൽബൻ കൃഷ്ണ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. കോഴിക്കോട്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുല്ലുരാമ്പാറ, കൂമ്പാറ തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. പി.ആർ.ഒ.: വാഴൂർ ജോസ്.

Tags