‘കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ കൗതുകമായിരുന്നോ, ആകാംഷ ആയിരുന്നോ?, മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല’; യൂട്യൂബ് അവതാരകയെ വിമർശിച്ച് ജുവൽ

'Was it curiosity or excitement when I peeked into the bathroom? Saying stupid things is not cute'; Jewel criticizes YouTube host
'Was it curiosity or excitement when I peeked into the bathroom? Saying stupid things is not cute'; Jewel criticizes YouTube host

യൂട്യൂബ് ചാനൽ അവതാരകരെ വിമർശിച്ച് അവതാരക ജുവൽ മേരി. അവതരണം എന്നത് ഏറെ വിവേകത്തോടെ ചെയ്യേണ്ട ജോലിയാണെന്നും അത് മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണെന്നും ജുവല്‍ മേരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ‘കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ എന്ന് ഒരു അവതാരക ഒരാളോട് ചോദിക്കുന്നത് കേട്ട് ഞെട്ടിപ്പോയി എന്ന് ജുവൽ മേരി പറയുന്നു. മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്നും ക്യാമറയുടെ മുന്നിലിരുന്ന് പറയുന്ന ഓരോ കാര്യങ്ങള്‍ക്കും വിലയുണ്ടെന്ന് മറക്കരുതെന്നും ജുവല്‍ മേരി വ്യക്തമാക്കുന്നു.

tRootC1469263">

‘ആങ്കറിങ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ് പറയാനുള്ളത്. നിങ്ങള്‍ അവതാരകയുടെ ജോലി ചെയ്യുമ്പോള്‍ ഭാഷയും ചോദ്യങ്ങളും മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പുള്ളതാണെന്ന ബോധം നമുക്ക് വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക. അത് ചോദിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കില്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആര്‍ജവം കാണിക്കുക.

ഒരു അഭിമുഖത്തിലെ ചോദ്യം ‘ആദ്യമായിട്ടൊരു കുഞ്ഞ് ജനിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചില്ലേ’ എന്നാണ്. അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്‌. അത് കണ്ടപ്പോള്‍ എനിക്ക് മനസിലായത് ആ ചോദ്യം അവര്‍ അതുവരെ വായിച്ചുനോക്കിയിട്ടില്ല എന്നതാണ്. അത് ഒരു അവതാരക എന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത്. ചോദ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധം നിങ്ങള്‍ക്കുണ്ടാകണം.

വേറൊരു മഹത്തായ ചോദ്യം ‘കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംക്ഷ ആയിരുന്നോ’ എന്നാണ്. എന്താണിതെല്ലാം. അതിഥിയായി വന്ന ആള്‍ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം വിളിച്ചുപറയുന്നു. അതിനെ എങ്ങനെയാണ് ഇത്ര നിസാരവത്കരിച്ച് ചോദ്യം ചോദിക്കുന്നത്. ആങ്കര്‍ എന്ന വ്യക്തി ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല, നിങ്ങള്‍ക്കൊരു വ്യക്തിത്വവും മനസാക്ഷിയുമുണ്ട്. കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളുടെ ചോദ്യങ്ങളിലും ദ്വയാര്‍ഥങ്ങളും വൃത്തികേടുകളും കുട്ടികളേയും മുതിര്‍ന്നവരേയും സ്വാധീനിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

മനുഷ്യരോട് ഇടപഴകാന്‍ അറിയുന്ന, മനുഷ്യത്വമുള്ള, ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങുളടേതായ നിലപാടുകളുണ്ടാകും. ഒരു ചോദ്യം എഴുതി തരുമ്പോള്‍ ഞാന്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. ഞാനൊക്കെ ഒരുപാട് ടിവി ഷോകളും സ്‌റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. എത്രയോ പ്രാവശ്യം എനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ എന്റെ അടുത്ത് വന്നിട്ടുണ്ട്. ഞാന്‍ പറയും ചേട്ടാ, ഇത് ഞാന്‍ ചോദിക്കില്ല എന്ന്. പകരം മറ്റൊരു ചോദ്യം ചോദിക്കാം എന്ന് ഓപ്ഷന്‍ കൊടുക്കും. അവിടേയാണ് നിങ്ങള്‍ ക്രിയേറ്റീവ് ആയ ഒരു വ്യക്തിയാകുന്നത്.

അല്ലാതെ ഇങ്ങനെ ചെളിയും ചാണകത്തിലും കൈയ്യിട്ട് ഇളക്കരുത്. ഭയങ്കര മോശമാണത്. ആ ജോലിയുടെ സ്റ്റാന്‍ഡേഡിനെ ഒന്ന് കാത്തുസൂക്ഷിക്കൂ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അത് സാധിക്കും. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവേകമുണ്ടാകുമെന്ന് കരുതുന്നു.’- എന്നും ജുവൽ മേരി പങ്കുവച്ച വിഡിയോയിൽ പറയുന്നു.
 

Tags