ഗംഭീര അഡ്വാൻസ് ബുക്കിംഗ് ട്രെൻഡുമായി ക്യൂബ്സ് എന്റർടൈൻമെന്റ് ചിത്രം

kattalan

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ "കാട്ടാളൻ" ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോയുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തൃശ്ശൂർ ജോസ് തീയേറ്ററിൽ മെയ് 28 രാവിലെ 7 മണിക്ക് തുടങ്ങുന്ന ഫാൻസ്‌ ഷോയോടെ ആണ് ചിത്രം ആഗോള പ്രദർശനം ആരംഭിക്കുക. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഗംഭീര ബുക്കിംഗ് ട്രെൻഡ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന് കാട്ടാളൻ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായാണെത്തുക. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

ഗംഭീര ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ, ടീസർ എന്നിവ നൽകിയ പ്രതീക്ഷകൾ, പ്രേക്ഷകരെ ഏറെ ആവേശത്തോടെ ഈ ചിത്രം കാത്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽ നിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.

മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നതെന്നാണ് റിപ്പോർട്ട്. മലയാള സിനിമ ഇത് വരെ കാണാത്ത മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.

Tags